വത്തിക്കാന്റെ സമാധാന ദൂതന് യൂറോപ്യൻ യൂണിയന്റെ ആദരം; കർദിനാൾ പരോളിന് 'ഓർഡർ ഓഫ് മെറിറ്റ്'

വത്തിക്കാന്റെ സമാധാന ദൂതന് യൂറോപ്യൻ യൂണിയന്റെ ആദരം; കർദിനാൾ പരോളിന് 'ഓർഡർ ഓഫ് മെറിറ്റ്'

സ്ട്രാസ്‌ബർഗ്: ആഗോള നയതന്ത്രരംഗത്തെ സമാധാനദൂതനും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുമായ കർദിനാൾ പിയട്രോ പരോളിന് യൂറോപ്യൻ യൂണിയന്റെ വിശിഷ്ട ബഹുമതി. യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ ഐക്യത്തിനും മാനവിക മൂല്യങ്ങളുടെ സംരക്ഷണത്തിനുമായി നൽകിയ അമൂല്യമായ സംഭാവനകളെ മാനിച്ചാണ് അദേഹത്തെ 'യൂറോപ്യൻ ഓർഡർ ഓഫ് മെറിറ്റ്' നൽകി ആദരിച്ചത്. സ്ട്രാസ്‌ബർഗിൽ നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തിൽ യൂറോപ്യൻ പാർലമെന്റ് അധ്യക്ഷ റോബർട്ട മെട്സോലയാണ് ഈ പ്രഖ്യാപനം നടത്തിയത്.

മെയ് 19ന് നടന്ന ഔദ്യോഗിക ചടങ്ങിൽ കർദിനാൾ പരോളിൻ പുരസ്കാരം ഏറ്റുവാങ്ങി. രാജ്യാന്തരതലത്തിൽ സമാധാനം പുനസ്ഥാപിക്കാനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കാനും കർദിനാൾ നടത്തിയ സമാനതകളില്ലാത്ത ഇടപെടലുകൾക്കുള്ള അംഗീകാരമാണിതെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.

സമാധാനത്തിനും മനുഷ്യകുലത്തിന്റെ പൊതു നന്മയ്ക്കുമായി നിലകൊള്ളുക എന്നതാണ് വത്തിക്കാൻ നയതന്ത്രത്തിന്റെ എക്കാലത്തെയും ലക്ഷ്യമെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് കർദിനാൾ ഓർമ്മിപ്പിച്ചു.

യൂറോപ്യൻ ഐക്യത്തിന് അടിത്തറയിട്ട 1950 ലെ പ്രശസ്തമായ 'ഷുമാൻ പ്രഖ്യാപനത്തിന്റെ' 75-ാം വാർഷികത്തോടനുബന്ധിച്ചാണ് യൂറോപ്യൻ പാർലമെന്റ് ഈയൊരു പ്രത്യേക ബഹുമതിക്ക് രൂപം നൽകിയത്. സമാധാനം, ജനാധിപത്യം, അന്തർദേശീയ സഹകരണം തുടങ്ങിയ ഉന്നത മൂല്യങ്ങൾക്കായി നിലകൊള്ളുന്ന പ്രതിഭകളെയാണ് വർഷം തോറും ഈ അവാർഡിനായി തിരഞ്ഞെടുക്കുന്നത്.

വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ കഴിഞ്ഞ 30 വർഷമായി സജീവ സാന്നിധ്യമായ കർദിനാൾ പരോളിൻ കഴിഞ്ഞ 13 വർഷമായി വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയായി (പ്രധാനമന്ത്രിക്ക് തുല്യമായ പദവി) സേവനമനുഷ്ഠിച്ചു വരികയാണ്. ലോകത്തിലെ ഏറ്റവും സങ്കീർണമായ പല ആഗോള പ്രതിസന്ധികളിലും സംവാദത്തിന്റെ വാതിലുകൾ തുറക്കാൻ അദ്ദേഹത്തിന്റെ നയതന്ത്ര മികവിന് സാധിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.