അന്വേഷണം മന്ത്രിമാരിലേക്കുമെന്ന് സൂചന; സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ.ഡി

അന്വേഷണം മന്ത്രിമാരിലേക്കുമെന്ന് സൂചന; സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ.ഡി

കൊച്ചി: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസിന്റെ അന്വേഷണം മുന്‍മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി. വീണയില്‍ മാത്രം ഒതുങ്ങില്ലെന്ന് സൂചന.

സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മുഴുവന്‍ പേരിലേക്കും അന്വേഷണം നീളുമെന്നാണ് ഇ.ഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.

സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയും പിണറായി വിജയനും താമസിക്കുന്ന വീട് ഉള്‍പ്പെടെ 12 ഓളം കേന്ദ്രങ്ങളില്‍ ഇന്നലെ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ച ഇ.ഡി വീണയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മറ്റുള്ളവരിലേക്കും ഇ.ഡി അന്വേഷണം വ്യാപിക്കുന്നത്. സിഎംആര്‍എല്ലിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്നാണ് ഇ.ഡി വൃത്തങ്ങള്‍ പറയുന്നത്. സിഎംആര്‍എല്ലില്‍ നിന്നും നേരത്തെ പിടിച്ചെടുത്ത ഡയറികളില്‍ ഏതാനും ചുരുക്കപ്പേരുകള്‍ കണ്ടെത്തിയിരുന്നു.

സിഎംആര്‍എല്ലിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാട് രേഖകളും വിശദമായി പരിശോധിച്ച ശേഷം ഇതുമായി ബന്ധപ്പെട്ടവരെ സമന്‍സ് അയച്ച് വിളിച്ചു വരുത്തി ഇ.ഡി ചോദ്യം ചെയ്യുമെന്നാണ് സൂചന. കണ്ടെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ആദ്യഘട്ടത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനു വിളിപ്പിക്കാനായിരുന്നു ഇ.ഡി ആലോചിച്ചിരുന്നത്.

ഇതിനു ശേഷം വീണയെ വിളിച്ചു വരുത്തിയാല്‍ മതിയെന്നും തീരുമാനമുണ്ടായിരുന്നു. എന്നാല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ ഉടന്‍ വീണയ്ക്ക് സമന്‍സ് അയച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.