ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഞ്ച് തവണത്തെ ലോകചാമ്പ്യന്മാരായ ബ്രസീലിന് വന്‍ പ്രഹരമായി സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക്. വലതുകാലിലെ പേശിക്കേറ്റ പരിക്ക് കാരണം താരത്തിന് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകുമെന്നാണ് സൂചന.
ബ്രസീല്‍ ദേശീയ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നെയ്മറിന്റെ പരിക്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എംആര്‍ഐ സ്‌കാനിങില്‍ താരത്തിന് ഗ്രേഡ് ടു മസില്‍ ഇഞ്ചുറി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിക്ക് പൂര്‍ണമായി ഭേദമാകാന്‍ രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ സമയമെടുക്കുമെന്നാണ് മെഡിക്കല്‍ സംഘം വ്യക്തമാക്കുന്നത്.
ഇതോടെ ജൂണ്‍ 13 ന് ന്യൂജേഴ്സിയില്‍ നടക്കാനിരിക്കുന്ന മൊറോക്കോയ്ക്കെതിരായ ബ്രസീലിന്റെ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. 34 കാരനായ താരം നിലവില്‍ മെഡിക്കല്‍ സംഘത്തിന്റെ കര്‍ശന നിരീക്ഷണത്തിലും ചികിത്സയിലുമാണ്.
ലോകകപ്പിന് മുന്നോടിയായി നടക്കാനിരിക്കുന്ന പാനമ, ഈജിപ്ത് എന്നിവര്‍ക്കെതിരായ സൗഹൃദ മത്സരങ്ങള്‍ നെയ്മറിന് പൂര്‍ണമായും നഷ്ടമാകും. പരിക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി ബ്രസീലിയന്‍ ടീമിന്റെ ആദ്യ പരിശീലന സെഷനുകളില്‍ താരം പങ്കെടുത്തിരുന്നില്ല.
നിലവില്‍ കളിക്കാരുടെ ഫിറ്റ്നസ് വിലയിരുത്താന്‍ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഒരു കൃത്യമായ മെഡിക്കല്‍ ഡെഡ്ലൈന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.
വിലക്കും പരിക്കുകളും കാരണം ഒരു വര്‍ഷത്തോളമായി ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന നെയ്മറെ കഴിഞ്ഞ ആഴ്ചയാണ് മുഖ്യ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. സാന്റോസ് ക്ലബിലൂടെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ താരത്തിന്റെ വരവ് ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ക്യാമ്പിലെത്തിയതിന് തൊട്ടുപിന്നാലെ കളം വിടേണ്ടി വന്നത് ആഞ്ചലോട്ടിയുടെ തന്ത്രങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.
മാത്രമല്ല യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്നതിനാല്‍ പ്രതിരോധ താരം മാര്‍ക്വിഞ്ഞോസ്, ഗബ്രിയേല്‍ മഗല്‍ഹേസ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവരും ആദ്യ ഘട്ടത്തില്‍ ടീമിനൊപ്പമില്ല. ഇതിനിടയിലാണ് നെയ്മറുടെ പരിക്കും ബ്രസീല്‍ ക്യാമ്പിനെ ആശങ്കയിലാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.