ഗൂഗിള്‍ ജമിനി സേവനങ്ങള്‍ ആഗോളതലത്തില്‍ തടസപ്പെട്ടു; പ്രതിസന്ധിയിലായത് ലക്ഷക്കണക്കിന് ഉപയോക്താക്കള്‍

ഗൂഗിള്‍ ജമിനി സേവനങ്ങള്‍ ആഗോളതലത്തില്‍ തടസപ്പെട്ടു; പ്രതിസന്ധിയിലായത് ലക്ഷക്കണക്കിന് ഉപയോക്താക്കള്‍

ന്യൂഡല്‍ഹി: ടെക് ഭീമനായ ഗൂഗിളിന്റെ ജനപ്രിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടായ ജമിനിയുടെ സേവനങ്ങള്‍ വ്യാപകമായി തടസപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ജമിനി സേവനങ്ങള്‍ പെട്ടെന്ന് നിശ്ചലമായത്. വെബ് പതിപ്പിന് പുറമെ മൊബൈല്‍ ആപ്പ്, ഗൂഗിള്‍ വര്‍ക്ക് സ്പേസ്, ഗൂഗിള്‍ വണ്‍, ഗൂഗിള്‍ ക്ലൗഡ്, ഗൂഗിള്‍ സെര്‍ച്ച് തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകളിലെ ജമിനി ഫീച്ചറുകളെല്ലാം തന്നെ നിലച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്റര്‍നെറ്റ് സേവനങ്ങളുടെ തകരാറുകള്‍ നിരീക്ഷിക്കുന്ന പ്രമുഖ വെബ്സൈറ്റായ ഡൗണ്‍ ഡിറ്റക്ടര്‍ പ്രകാരം ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. വൈകുന്നേരം അഞ്ച് ആയപ്പോഴേക്കും ഇന്ത്യയിലും യു.എസ്, യു.കെ തുടങ്ങിയ ആഗോള വിപണികളിലും നൂറുകണക്കിന് ഉപയോക്താക്കള്‍ പരാതികളുമായി രംഗത്തെത്തി.

സ്ഥിരതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരുന്നിട്ടും ജമിനി പ്രതികരിക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പ്രധാന പരാതി. പ്രോംപ്റ്റുകള്‍ നല്‍കുമ്പോള്‍ 'Error 1076, Error 1099, Error 1706' തുടങ്ങിയ കോഡുകളാണ് സ്‌ക്രീനില്‍ തെളിയുന്നത്. പലര്‍ക്കും സിസ്റ്റം പൂര്‍ണമായും ഹാങ് ആകുന്ന അവസ്ഥയും ഉണ്ട്.

ഓഫീസ് ആവശ്യങ്ങള്‍ക്കും കോഡിങിനും ഗവേഷണങ്ങള്‍ക്കുമായി ജമിനിയെ ആശ്രയിക്കുന്ന പ്രൊഫഷണലുകളെയും വിദ്യാര്‍ത്ഥികളെയുമാണ് ഈ തകരാര്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ടെക്സ്റ്റ്, ഓഡിയോ, വീഡിയോ പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ വീഡിയോകള്‍ നിര്‍മിക്കാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന മള്‍ട്ടി-മോഡല്‍ എഐ മോഡലായ ജമിനി ഒംനി ഗൂഗിള്‍ അടുത്തിടെയാണ് അവതരിപ്പിച്ചത്. ഈ വന്‍ അപ്ഡേറ്റിന് ശേഷം ജമിനി നേരിടുന്ന ആദ്യത്തെ വലിയ ആഗോള തകരാറാണിത്.

ഗൂഗിളിന്റെ ഔദ്യോഗിക വര്‍ക്ക്‌സ്പേസ് സ്റ്റാറ്റസ് ഡാഷ്ബോര്‍ഡില്‍ നിലവില്‍ തകരാറുകള്‍ ഒന്നും കാണിക്കുന്നില്ലെങ്കിലും ഉപയോക്താക്കളുടെ ഭാഗത്ത് നിന്നുള്ള പരാതികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ബാക്ക്-എന്‍ഡ് അപ്ഡേറ്റുകളോ സെര്‍വര്‍ ഡൗണ്‍ടൈമോ ആകാം ഈ പെട്ടെന്നുള്ള തടസത്തിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.