വാഷിങ്ടൺ: അധികാരവും പ്രശസ്തിയും സമ്പത്തും ജീവിതത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് തന്റെ വിശ്വാസ യാത്രയ്ക്ക് വഴിത്തിരിവായതെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ആത്മീയ ശൂന്യതയിൽ നിന്ന് കത്തോലിക്കാ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നടത്തിയ തിരിച്ചുപോക്കിനെക്കുറിച്ച് അദേഹം വികാരനിർഭരമായി പങ്കുവെച്ചു.
കുട്ടിക്കാലത്ത് വിവിധ ക്രിസ്തീയ പശ്ചാത്തലങ്ങളിൽ വളർന്നെങ്കിലും വിശ്വാസത്തിൽ ആഴത്തിൽ ഉറച്ചുനിൽക്കാൻ സാധിച്ചിരുന്നില്ലെന്ന് വാൻസ് പറഞ്ഞു. പിന്നീട് ജീവിതത്തിൽ വിശ്വാസത്തിൽ നിന്ന് അകന്ന അദേഹം നിയമ രംഗത്തും പൊതുജീവിതത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കി. മികച്ച വിദ്യാഭ്യാസവും സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിരുന്നെങ്കിലും ഹൃദയത്തിൽ ഒരു ശൂന്യത തുടർന്നുവെന്ന് വാൻസ് ഓർമ്മിച്ചു.
"അമേരിക്കയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവും സാംസ്കാരിക നേട്ടങ്ങളും എന്നെ ഒരു മികച്ച മനുഷ്യനാക്കുന്നില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു," എന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.
ഭാര്യ ഉഷയോടൊപ്പമുള്ള കുടുംബ ജീവിതവും ആദ്യ കുഞ്ഞിന്റെ ജനനവുമാണ് ജീവിത കാഴ്ചപ്പാടുകൾ മാറ്റിമറിച്ചത്. ഒരു നല്ല പിതാവും ഭർത്താവും ആകണമെന്ന ആഗ്രഹം ജീവിതത്തിന്റെ യഥാർത്ഥ അർഥം തേടാൻ പ്രേരിപ്പിച്ചു. അതാണ് വിശ്വാസത്തിലേക്കുള്ള മടങ്ങി വരവിന്റെ തുടക്കം.
ആത്മപരിശോധനയുടെയും അന്വേഷണത്തിന്റെയും വർഷങ്ങൾക്കൊടുവിൽ 2019 ൽ കത്തോലിക്കാ സഭയിൽ അംഗമായി. കത്തോലിക്കാ ദേവാലയത്തിൽ ആദ്യമായി പ്രവേശിച്ച നിമിഷം ഇന്നും മറക്കാനാവാത്ത അനുഭവമാണെന്ന് വാൻസ് പറയുന്നു.
"ഒരു കത്തോലിക്കാ ദേവാലയത്തിനുള്ളിലേക്ക് കടന്നപ്പോൾ ഏറെക്കാലം അകന്നുനിന്ന ശേഷം സ്വന്തം വീട്ടിലെത്തിയ അനുഭവമാണ് എനിക്ക് ലഭിച്ചത്. ഇതാണ് എന്റെ യഥാർത്ഥ ആത്മീയ ഭവനം എന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു," അദേഹം പറഞ്ഞു.
നൂറ്റാണ്ടുകളായി കൈമാറി വരുന്ന കത്തോലിക്കാ പാരമ്പര്യവും വിശ്വാസത്തിന്റെ അചഞ്ചലമായ അടിത്തറയുമാണ് തന്നെ സഭയിലേക്ക് ആകർഷിച്ചതെന്നും വാൻസ് കൂട്ടിച്ചേർത്തു.
ഇന്ന് സജീവ കത്തോലിക്കാ വിശ്വാസിയായ വാൻസ് പൊതുവേദികളിൽ തന്റെ ക്രിസ്തീയ വിശ്വാസം തുറന്നു പറയുന്നതിൽ മടിയില്ലാത്ത നേതാക്കളിൽ ഒരാളാണ്. തന്റെ കത്തോലിക്കാ വിശ്വാസയാത്ര ഒരു ബൗദ്ധിക തീരുമാനമാത്രമല്ലെന്നും ജീവിതത്തെ ആഴത്തിൽ സ്പർശിച്ച വ്യക്തിപരമായ ആത്മീയ അനുഭവമാണെന്നും വാൻസ് ഊന്നിപ്പറഞ്ഞു.
"എല്ലാ നേട്ടങ്ങൾക്കും അപ്പുറം മനുഷ്യ ഹൃദയം അന്വേഷിക്കുന്നത് സത്യവും സമാധാനവും ദൈവസാന്നിധ്യവുമാണ്"- ജെ.ഡി വാൻസിന്റെ വിശ്വാസ സാക്ഷ്യം വീണ്ടും ലോക ശ്രദ്ധ നേടുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.