ഒരു ദിവസം നമ്മള്‍ എത്ര തവണയാണ് ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും റീലുകളിലൂടെയും ഷോര്‍ട്ട്‌സുകളിലൂടെയും വിരലുകള്‍ കൊണ്ട് 'സ്‌ക്രോള്‍' ചെയ്തു നീക്കാറുള്ളത്? വിരലുകള്‍ക്ക് ഒട്ടും വിശ്രമമില്ലാത്ത, മനുഷ്യന്റെ ശ്രദ്ധയും ക്ഷമയും വെറും 15 സെക്കന്‍ഡില്‍ കൂടുതല്‍ ഒരിടത്തും നില്‍ക്കാത്ത ഒരു 'ഷോര്‍ട്ട്‌സ്' യുഗത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. നിരന്തരമായ നോട്ടിഫിക്കേഷനുകളും റീലുകളുടെ മിന്നിമറയലുകളും നിറഞ്ഞ ഈ ഡിജിറ്റല്‍ ബഹളങ്ങള്‍ക്കിടയിലേക്കാണ്, മനസമാധാനത്തോടെയുള്ള അക്ഷരങ്ങളുടെ ലോകത്തേക്ക് തിരികെ നടക്കാന്‍ നമ്മെ പ്രേരിപ്പിച്ചുകൊണ്ട് ജൂണ്‍ 19 വീണ്ടും ഒരു മനോഹരമായ ഓര്‍മ്മപ്പെടുത്തലായി കടന്നുവരുന്നത് നമ്മുടെ സ്വന്തം വായനാ ദിനം.
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.എന്‍ പണിക്കരുടെ ചരമദിനമാണ് നമ്മള്‍ വായനാദിനമായി ആചരിക്കുന്നത്. 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക' എന്ന അദേഹത്തിന്റെ ലൈന്‍ ഇന്നും പക്കാ മാസ് ആണ്. പക്ഷേ, പുതിയ ജനറേഷനോട് ഈ വായനാ ദിനത്തില്‍ 'പോയി പുസ്തകം വായിക്ക് സുഹൃത്തേ...' എന്ന് വെറുതെ ഉപദേശിച്ചാല്‍ കാര്യമില്ല. അതുകൊണ്ട് ഈ വായനാ ദിനത്തെ നമുക്കൊന്ന് 'ന്യൂ ജെന്‍' രീതിയില്‍ നോക്കിക്കണ്ടാലോ?
സ്‌ക്രോളിങ് ടു റീഡിങ്: വൈബ് മാറ്റാം
'എനിക്ക് പുസ്തകം വായിക്കാന്‍ നേരമില്ല, റീല്‍സ് കാണാനേ സമയമുള്ളൂ' എന്ന് പറയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സത്യം അതല്ല, നമ്മുടെ വായനയുടെ മീഡിയം മാറി അത്രയേ ഉള്ളൂ. നമ്മള്‍ ഇന്ന് വാട്‌സാപ്പ് ചാറ്റുകളും, ഇന്‍സ്റ്റാ ക്യാപ്ഷനുകളും, റെഡ്ഡിറ്റ് ത്രെഡുകളും ഒക്കെ വായിക്കുന്നുണ്ട്. പക്ഷേ, അതൊന്നും നമ്മുടെ തലച്ചോറിന് ഒരു 'കംപ്ലീറ്റ് ഫീല്‍' തരുന്നില്ല.
ഒരു പുസ്തകം വായിക്കുമ്പോള്‍ കിട്ടുന്ന ആ ഒരു 'ഡോപമിന്‍ റഷ്' വേറെ തന്നെയാണ്. സിനിമ കാണുമ്പോള്‍ നമ്മള്‍ സംവിധായകന്റെ ഭാവനയാണ് കാണുന്നത്, എന്നാല്‍ ഒരു നോവല്‍ വായിക്കുമ്പോള്‍ കഥാപാത്രങ്ങളെയും അവരുടെ ലോകത്തെയും നമ്മുടെ മനസിലാണ് നമ്മള്‍ ക്രിയേറ്റ് ചെയ്യുന്നത്. അവിടെ നമ്മള്‍ തന്നെയാണ് ഡയറക്ടര്‍. ആ ഒരു ഫീല്‍ വേറെ ലെവലല്ലേ? വായന ഇപ്പൊ വെറും 'പേപ്പര്‍' മാത്രമല്ല!
പുസ്തകം കയ്യിലെടുത്തു തന്നെ വായിക്കണം എന്ന വാശിയൊന്നും ഇപ്പൊ ആര്‍ക്കുമില്ല. ഡിജിറ്റല്‍ ലോകം വായനയെ കൂടുതല്‍ കളറാക്കിയിട്ടുണ്ട്. ഇ-ബുക്കുകളും കിന്‍ഡിലും യാത്ര ചെയ്യുമ്പോള്‍ ഒരു ലൈബ്രറി തന്നെ പോക്കറ്റില്‍ കൊണ്ടു നടക്കാം. ഫോണിലെ അനാവശ്യ നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്താല്‍ കിടിലന്‍ റീഡിങ് എക്‌സ്പീരിയന്‍സ്. ഓഡിയോ ബുക്കുകള്‍ ആകട്ടെ ബസിലിരിക്കുമ്പോഴോ, ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോഴോ, റൂം ക്ലീന്‍ ചെയ്യുമ്പോഴോ ഒക്കെ ഇയര്‍ഫോണ്‍ കുത്തി കഥകള്‍ കേള്‍ക്കാം. വായന ഇപ്പൊ ഭയങ്കര ഫ്‌ളെക്‌സിബിളാണ്.
ബുക്ടോക്കും ബുക്സ്റ്റാഗ്രാമും: സോഷ്യല്‍ മീഡിയ വെറുതെ സ്‌ക്രോള്‍ ചെയ്യാതെ ഇന്‍സ്റ്റഗ്രാമിലും ടിക്ടോക്കിലും ബുക്ക് കമ്മ്യൂണിറ്റികള്‍ ഫോളോ ചെയ്തു നോക്കൂ. ട്രെന്‍ഡിങ് പുസ്തകങ്ങളുടെ കിടിലന്‍ റിവ്യൂസും റെക്കമെന്‍ഡേഷനുകളും അവിടെ കിട്ടും.
ഈ വായനാദിനത്തില്‍ നമുക്കൊരു 'ചലഞ്ച്' എടുത്താലോ?
ഈ വായനാ ദിനം വെറുതെ ഒരു സ്റ്റാറ്റസ് ഇടലില്‍ ഒതുക്കാതെ, നമുക്ക് ഒരു ചെറിയ തുടക്കം കുറിക്കാം.ഒരു പത്ത് പേജ് ചാലഞ്ച്. ദിവസവും റീല്‍സ് കാണുന്ന സമയത്തില്‍ നിന്ന് ഒരു 15 മിനിറ്റ് മാറ്റി വെക്കുക. ഏതെങ്കിലും ഒരു പുസ്തകത്തിന്റെ വെറും 10 പേജ് വായിക്കുക. ഒരു മാസം കഴിയുമ്പോള്‍ നിങ്ങള്‍ ഒരു മുഴുവന്‍ പുസ്തകം വായിച്ചു തീര്‍ത്തിട്ടുണ്ടാകും.
ഏതാണ് നിങ്ങളുടെ ജോണര്‍?
എല്ലാവരും 'ആടുജീവിതം' പോലെയുള്ള കനപ്പെട്ട ക്ലാസിക്കുകള്‍ വായിച്ചു തന്നെ വായനയുടെ ലോകത്തേക്ക് വരണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല; മറിച്ച് നിങ്ങളുടെ താല്‍പര്യം എന്താണോ, അതാണ് നിങ്ങളുടെ യഥാര്‍ത്ഥ ജോണര്‍. ഉദ്വേഗഭരിതമായ ക്രൈം ത്രില്ലറുകളോ, ഭാവനയുടെ അതിരുകള്‍ ലംഘിക്കുന്ന സയന്‍സ് ഫിക്ഷനുകളോ, ഹാരി പോട്ടര്‍ പോലെയുള്ള അത്ഭുതങ്ങള്‍ നിറഞ്ഞ ഫാന്റസികളോ, അല്ലെങ്കില്‍ ജീവിതത്തെ സ്വയം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളോ ഒക്കെ വായന തുടങ്ങി വെക്കാന്‍ തിരഞ്ഞെടുക്കാവുന്നതാണ്. പ്രധാനപ്പെട്ടത് മറ്റുള്ളവര്‍ എന്ത് വായിക്കുന്നു എന്നതല്ല, മറിച്ച് നിങ്ങള്‍ക്ക് സന്തോഷവും അറിവും തരുന്ന പുസ്തകങ്ങളിലൂടെ വായനയെന്ന ശീലം ജീവിതത്തിന്റെ ഭാഗമാക്കുക എന്നത് മാത്രമാണ്.
റീഡിങ് ഈസ് എ സൂപ്പര്‍ പവര്‍
നല്ല കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും വ്യക്തമായ കാഴ്ചപ്പാടുകളും ഉള്ള വ്യക്തിത്വങ്ങളെ കാണുമ്പോള്‍ നമുക്ക് തോന്നുന്ന ആ വശ്യതയുടെയും ബഹുമാനത്തിന്റെയും യഥാര്‍ത്ഥ രഹസ്യം വായന എന്ന സൂപ്പര്‍ പവര്‍ തന്നെയാണ്. അത് നമ്മെ കൂടുതല്‍ ചിന്തിക്കാനും ജീവിതത്തെ കൂടുതല്‍ 'കൂള്‍' ആയി സമീപിക്കാനും പഠിപ്പിക്കുന്നു. അതുകൊണ്ട് ഈ വായനാ ദിനത്തില്‍ സോഷ്യല്‍ മീഡിയ സ്‌ക്രീനുകളില്‍ വെറുതെ സ്‌ക്രോള്‍ ചെയ്ത് സമയം കളയാതെ, സ്‌ക്രീന്‍ ടൈം അല്‍പം കുറച്ച് പുസ്തകത്താളിനായി 'പേജ് ടൈം' മാറ്റിവെക്കാന്‍ നമുക്ക് ശീലിക്കാം. വരൂ, പുസ്തകങ്ങളുടെ അറിവും ലഹരിയും ആസ്വദിച്ച് നമുക്ക് ഈ വായനാ ദിനത്തെ കൂടുതല്‍ മനോഹരമാക്കാം ഹാപ്പി റീഡിങ് ഗയ്‌സ്, കമോണ്‍, ലെറ്റ്‌സ് വൈബ് വിത്ത് ബുക്‌സ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.