തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീണ്ടും സംഘര്‍ഷം: ബിജെപി-യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീണ്ടും സംഘര്‍ഷം: ബിജെപി-യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍. കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

ഹാജര്‍ രജിസ്റ്ററില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഒപ്പ് വയ്ക്കുന്നതിനിടെ ബിജെപി കൗണ്‍സിലര്‍മാര്‍ അത് പിടിച്ചുവാങ്ങിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. രജിസ്റ്റര്‍ കീറാന്‍ ശ്രമിച്ചെന്നും ആരോപണം ഉയരുന്നുണ്ട്.

ഉച്ച കഴിഞ്ഞ് 2.30 ന് കൗണ്‍സില്‍ യോഗം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം. ആര്‍. സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ആരംഭിച്ചു. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ യോഗം പിരിഞ്ഞതായി പ്രഖ്യാപിച്ച് മേയറും ഡെപ്യൂട്ടി മേയറും വേദി വിട്ടു. ഇതിന് പിന്നാലെയാണ് കയ്യാങ്കളിയും ഏറ്റുമുട്ടലും പരസ്പരമുള്ള ചീത്തവിളിയും അടക്കമുള്ള നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കൗണ്‍സില്‍ യോഗം പിരിഞ്ഞതിന് പിന്നാലെ യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ശബരീനാഥന്‍ ഹാജര്‍ രജിസ്റ്ററില്‍ ഒപ്പിടുകയും പരിശോധിക്കുകയും ചെയ്തു. ഈ സമയത്ത് രജിസ്റ്റര്‍ വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാര്‍ ശബരീനാഥിന്റെ അരികിലെത്തി രജിസ്റ്റര്‍ ബലമായി പിടിച്ചു വാങ്ങുകയായിരുന്നു.

തുടര്‍ന്ന് പരസ്പരമുള്ള വാക്കേറ്റം ഉന്തിലും തള്ളിലും അടിയിലും കലാശിച്ചു. അതിനിടെ രജിസ്റ്റര്‍ വലിച്ചുകീറി നശിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി. സംഘര്‍ഷത്തിനിടെ സ്ത്രീ കൗണ്‍സിലര്‍മാരെ ഏകപക്ഷീയമായി ആക്രമിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചു.

പാര്‍ട്ടിയുമായി ആലോചിച്ച് നിയമ നടപടികളിലേക്ക് കടക്കുമെന്ന് യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം രജിസ്റ്ററില്‍ തിരുത്തല്‍ വരുത്താനാണ് ശബരീനാഥ് ശ്രമിച്ചതെന്നും സിപിഎമ്മിന് വേണ്ടി ബി ടീമായി യുഡിഎഫ് പ്രവര്‍ത്തിച്ചുവെന്നും ബിജെപി ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.