നൈജീരിയയിലെ ഭീകരവാദത്തിനും ക്രൈസ്തവ പീഡനങ്ങൾക്കുമെതിരെ അമേരിക്കയിൽ പ്രതിഷേധം; ട്രംപ് ഭരണകൂടത്തോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ

നൈജീരിയയിലെ ഭീകരവാദത്തിനും ക്രൈസ്തവ പീഡനങ്ങൾക്കുമെതിരെ അമേരിക്കയിൽ പ്രതിഷേധം; ട്രംപ് ഭരണകൂടത്തോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ

വാഷിങ്ടൺ: നൈജീരിയയിൽ ക്രൈസ്തവ സമൂഹത്തിന് നേരെയുണ്ടാകുന്ന അതിക്രമങ്ങളും ഭീകരവാദവും അവസാനിപ്പിക്കാൻ അമേരിക്കൻ ഭരണകൂടം കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈറ്റ് ഹൗസിന് സമീപം വൻ പ്രതിഷേധം. 'സേവ് നൈജീരിയ റാലി' എന്ന പേരിൽ നടന്ന പ്രതിഷേധ സംഗമത്തിൽ അമേരിക്കയിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖർ അണിനിരന്നു.

നൈജീരിയ ഭീകരവാദത്തിന്റെ പുതിയ ആഗോള കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റാലിയിൽ സംസാരിച്ച സേവ് നൈജീരിയ ഗ്രൂപ്പ് യുഎസ്എ പ്രസിഡന്റ് സ്റ്റീഫൻ ഒസെംവെഗി മുന്നറിയിപ്പ് നൽകി. ബോക്കോ ഹറാം, ഐസിസ് തുടങ്ങിയ ഭീകരസംഘടനകൾ നൈജീരിയയിൽ താവളം ഉറപ്പിക്കുന്നത് സിറിയയെയും അഫ്ഗാനിസ്ഥാനെയും പോലെ മറ്റൊരു വലിയ പ്രതിസന്ധിക്ക് വഴിവെക്കുമെന്നും ഇത് അമേരിക്കയുടെ ഉൾപ്പെടെയുള്ള ആഗോള സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നും അദേഹം ചൂണ്ടിക്കാട്ടി.

240 ദശലക്ഷം ജനങ്ങളുള്ള നൈജീരിയയിൽ ഭീകരത പടരുന്നത് വൻതോതിലുള്ള പലായനത്തിനും അഭയാർത്ഥി പ്രതിസന്ധിക്കും കാരണമാകുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. നൈജീരിയയിൽ യുഎസ് സൈന്യം നേരിട്ട് യുദ്ധം ചെയ്യണമെന്നല്ല തങ്ങൾ ആവശ്യപ്പെടുന്നതെന്നും മറിച്ച് അവിടെ പോരാടുന്ന നൈജീരിയൻ സൈന്യത്തിന് ആധുനിക ഡ്രോണുകൾ, സാങ്കേതിക ഉപദേശങ്ങൾ, സുരക്ഷാ പ്ലാറ്റ്‌ഫോമുകൾ എന്നിവ ലഭ്യമാക്കണമെന്നും ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടു.

കൂടാതെ ഭീകരവാദ സംഘടനകൾക്ക് മിഡിൽ ഈസ്റ്റിൽ നിന്നും മറ്റും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ തടയാൻ അമേരിക്കൻ സർക്കാർ നയതന്ത്രതലത്തിൽ ഇടപെടണം.

സിവിൽ അവകാശ പ്രവർത്തകൻ മാർട്ടിൻ ലൂഥർ കിംഗിന്റെ സഹോദരി പുത്രി അൽവേദ കിംഗ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മതത്തിന്റെയും ദേശത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മനുഷ്യത്വപരമായ സമീപനം ആവശ്യമാണെന്നും പട്ടിണി കിടക്കുന്ന കുട്ടികളെ സഹായിക്കാൻ ആരും മതം നോക്കാറില്ലെന്നും അവർ പറഞ്ഞു. നൈജീരിയ, ഞങ്ങൾ നിങ്ങളെ കേൾക്കുന്നു ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു എന്ന് അൽവേദ കിംഗ് സന്ദേശം നൽകി.

2014 ൽ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയ റെബേക്ക സാമുവൽ ദാലിയും റാലിയിൽ പങ്കെടുത്തു. ക്രൂരമായ അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ട് എത്തുന്നവർക്ക് അഭയം നൽകാൻ അമേരിക്ക വാതിലുകൾ തുറന്നിടണമെന്നും അവർ അഭ്യർത്ഥിച്ചു. 2009 മുതൽ 11 ദശലക്ഷത്തോളം പേർ വീടുകളിൽ നിന്ന് പലായനം ചെയ്യപ്പെട്ടതായും ഇവർക്ക് ഭക്ഷണവും പാർപ്പിടവും സുരക്ഷിതമായ തിരിച്ചുവരവും ഉറപ്പാക്കണമെന്നും റാലി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.