ഇറാൻ-അമേരിക്ക നിർണായക സമാധാന ചർച്ചകൾ ഇന്ന് സ്വിറ്റ്‌സർലൻഡിൽ; ഹോർമുസ് പ്രതിസന്ധിയിൽ ആശങ്ക

ഇറാൻ-അമേരിക്ക നിർണായക സമാധാന ചർച്ചകൾ ഇന്ന് സ്വിറ്റ്‌സർലൻഡിൽ; ഹോർമുസ് പ്രതിസന്ധിയിൽ ആശങ്ക

ബേൺ: ആണവ വിഷയത്തിലും ലെബനോണിലെ വെടിനിർത്തലിലും അന്തിമ തീരുമാനം ലക്ഷ്യമിട്ട് ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾക്ക് ഇന്ന് സ്വിറ്റ്‌സർലൻഡിൽ തുടക്കമാകും. മധ്യസ്ഥ രാജ്യമായ പാകിസ്ഥാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ചർച്ചയിൽ പങ്കെടുക്കാനായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് സ്വിറ്റ്‌സർലൻഡിലേക്ക് പുറപ്പെട്ടു.

ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇതിനകം തന്നെ ചർച്ചകൾക്കായി സ്വിറ്റ്‌സർലൻഡിലെത്തിയിട്ടുണ്ട്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസീം മുനീറും മധ്യസ്ഥതയ്ക്കായി ചർച്ചയിൽ പങ്കുചേരുന്നുണ്ട്.

ചർച്ചകൾക്ക് തൊട്ടുമുമ്പ് ഹോർമുസ് കടലിടുക്ക് ഇറാൻ സൈന്യം വീണ്ടും അടച്ചത് സമാധാനശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ലെബനോണിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് തങ്ങൾ ഈ കടുത്ത തീരുമാനമെടുത്തതെന്ന് ഇറാൻ വ്യക്തമാക്കി.

ഇതിനിടെ ഇറാന്റെ നീക്കത്തിനെതിരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായി അന്തിമ കരാറിലെത്തിയില്ലെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രയ്ക്ക് അമേരിക്ക ടോൾ ഏർപ്പെടുത്തുമെന്ന് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ ട്രംപ് ഭീഷണി മുഴക്കി. മിഡിൽ ഈസ്റ്റിലെ സുരക്ഷാ സേവനങ്ങൾക്ക് പ്രതിഫലമായി ഗാർഡിയൻ ഏഞ്ചൽ ഫീസ് ഈടാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള അവിശ്വാസവും ഹോർമുസിലെ പുതിയ പ്രതിസന്ധിയും ചർച്ചയെ എങ്ങനെ ബാധിക്കുമെന്നത് ആഗോളതലത്തിൽ വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.