ജല രാഷ്ട്രീയത്തില്‍ പുതിയ ആയുധവുമായി പാക്കിസ്ഥാന്‍; ആഭ്യന്തര പരാജയം മറയ്ക്കാന്‍ ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി

ജല രാഷ്ട്രീയത്തില്‍ പുതിയ ആയുധവുമായി പാക്കിസ്ഥാന്‍; ആഭ്യന്തര പരാജയം മറയ്ക്കാന്‍ ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി

യഥാര്‍ത്ഥ കാരണം വിഭവ വിതരണത്തിലെ വന്‍ പരാജയം

ഇസ്ലമാബാദ്: ആഭ്യന്തര ജലക്ഷാമവും ഭരണപരമായ തകര്‍ച്ചയും മൂലം പ്രതിസന്ധിയിലായ പാക്കിസ്ഥാന്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ വീണ്ടും ഇന്ത്യ വിരുദ്ധ കാര്‍ഡ് പുറത്തെടുക്കുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ തുടര്‍ന്ന് സിന്ധു നദീജല കരാര്‍ നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം മാറ്റമില്ലാതെ തുടരുമെന്ന് വ്യക്തമാക്കിയതോടെയാണ് ഇന്ത്യക്കെതിരെ പരസ്യ യുദ്ധ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയത്.

എന്നാല്‍ പാക്കിസ്ഥാനിലെ പ്രവിശ്യകള്‍ തമ്മിലുള്ള രൂക്ഷമായ ഉഭയകക്ഷി ജല തര്‍ക്കവും വിഭവ വിതരണത്തിലെ പരാജയവുമാണ് നിലവിലെ വന്‍ പ്രതിസന്ധിക്ക് കാരണമെന്ന് അന്താരാഷ്ട്ര പ്രതിരോധ-നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ജല്‍ ശക്തി മന്ത്രി സി.ആര്‍ പാട്ടീല്‍ നടത്തിയ ഒരു പ്രസ്താവനയെയും ചെനാബ് നദിയിലെ ജലം തിരിച്ചുവിടാനുള്ള ഇന്ത്യയുടെ നീക്കങ്ങളെയും മുന്‍നിര്‍ത്തി എആര്‍വൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് പ്രകോപനപരമായ പരസ്യ ഭീഷണി മുഴക്കിയത്.

'നമ്മുടെ ദേശീയ സുരക്ഷയും അതിന്റെ ഭാഗമായ ജലസുരക്ഷയും ഭീഷണിയിലാണെന്ന് ബോധ്യപ്പെടുന്ന നിമിഷം നമ്മള്‍ ഇന്ത്യയ്ക്കെതിരെ യുദ്ധത്തിന് ഇറങ്ങും. അതില്‍ യാതൊരു സംശയവുമില്ല.' എന്നായിരുന്നു ഖ്വാജ ആസിഫിന്റെ വിവാദ പ്രതികരണം.

2025 ഏപ്രിലില്‍ ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ പാക് പിന്തുണയോടെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതോടെയാണ് 1960 ലെ സിന്ധു നദീജല കരാര്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പൂര്‍ണമായും അവസാനിപ്പിക്കാതെ കരാര്‍ പുനസ്ഥാപിക്കില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുകയായിരുന്നു.

പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഇന്ത്യക്കെതിരെ വിരല്‍ ചൂണ്ടുമ്പോഴും രാജ്യം നേരിടുന്ന കടുത്ത ജല പ്രതിസന്ധിയുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വന്നിട്ടുണ്ട്. നിലവില്‍ പാക് ജന സംഖ്യയുടെ മൂന്നിലൊന്നും കടുത്ത വരള്‍ച്ചയിലാണ്. പ്രധാന കൃഷി മേഖലകളായ സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ വന്‍ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിന്ധ് ജലസേചന വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം നോര്‍ത്ത് വെസ്റ്റ് കനാലില്‍ 64.1 ശതമാനം ജലക്ഷാമവും ദാദു കനാലില്‍ 82 ശതമാനം, റൈസ് കനാലില്‍ 38 ശതമാനവുമാണ് ജല സ്രോതസുകളിലെ കുറവ്.

ഈ വന്‍ ജലക്ഷാമത്തിന് കാരണം ഇന്ത്യയല്ല. മറിച്ച് മേല്‍ത്തട്ടിലുള്ള പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ കനാലുകളില്‍ നിന്ന് നിയമ വിരുദ്ധമായി വെള്ളം ചോര്‍ത്തുന്നതാണെന്ന് സിന്ധ് പ്രവിശ്യയിലെ പ്രാദേശിക നേതാക്കള്‍ പരസ്യമായി ആരോപിക്കുന്നു. പഞ്ചാബ് പ്രവിശ്യ തങ്ങള്‍ക്ക് അനുവദിച്ച 44,000 ക്യൂസെക്‌സിന് പകരം 53,394 ക്യൂസെക്‌സ് വെള്ളം നിയമ വിരുദ്ധമായി എടുക്കുന്നുവെന്നാണ് കണക്കുകള്‍.

പ്രവിശ്യകള്‍ തമ്മിലുള്ള ഈ ആഭ്യന്തര തര്‍ക്കം മൂലം രാജ്യത്ത് ഒരു സാമ്പത്തിക കൂട്ടക്കൊല ഉണ്ടായേക്കാമെന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ ആഭ്യന്തര കലഹത്തില്‍ നിന്നും ജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്നും രക്ഷപ്പെടാനാണ് പാക് ഭരണകൂടം അതിര്‍ത്തിയിലെ യുദ്ധ ഭീതി കൃത്രിമമായി സൃഷ്ടിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ലോക ബാങ്ക് മധ്യസ്ഥത വഹിച്ച കരാര്‍ പ്രകാരം നദീതടത്തിലെ 80 ശതമാനം വെള്ളവും പാക്കിസ്ഥാനാണ് ലഭിക്കുന്നത്. എന്നാല്‍ ഇത് കൃത്യമായി സംഭരിക്കാനോ വിതരണം ചെയ്യാനോ ഉള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പാക് സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.