മരണസംഖ്യ പതിനായിരം മുതല്‍ ഒരു ലക്ഷം വരെയാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ.
കാരക്കാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 32 ആയി. നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതോടെ ജനങ്ങള്‍ തെരുവുകളിലേക്ക് ഓടുകയായിരുന്നു. നഗരത്തിലെ പല കെട്ടിടങ്ങളുടെയും ചുവരുകള്‍ പൂര്‍ണമായി തകര്‍ന്നു വീണു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആക്ടിംഗ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. മിനിട്ടുകളുടെ വ്യത്യാസത്തില്‍ തുടര്‍ച്ചയായി ശക്തമായ രണ്ട് ഭൂചലനങ്ങളാണ് വെനസ്വേലയില്‍ ഉണ്ടായത്. മരണ സംഖ്യ പതിനായിരം മുതല്‍ ഒരു ലക്ഷം വരെയാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ ആശങ്ക പ്രകടിപ്പിച്ചു.
ഭൂചലനത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാരക്കാസില്‍ കെട്ടിടങ്ങളും മതിലുകളും തകര്‍ന്നുവീണു. നഗരത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധവും മൊബൈല്‍ നെറ്റ്വര്‍ക്കുകളും പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കരുതെന്നും സുരക്ഷിതമായ സ്ഥാനങ്ങളില്‍ തുടരണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.
ആദ്യ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. കാരക്കാസിന് ഏകദേശം 168 കിലോമീറ്റര്‍ പടിഞ്ഞാറ് കരീബിയന്‍ തീരദേശ നഗരമായ മൊറോണിന് പടിഞ്ഞാറ് ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവ കേന്ദ്രം. ഇതിനുശേഷമാണ് 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
മൊറോണിന് തെക്ക് പടിഞ്ഞാറ് 16 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഒരു നൂറ്റാണ്ടിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ് ഇത്. ഭൂചലനത്തിന് പിന്നാലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിനും സുനാമി തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.