ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്

ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയെ എട്ട്  വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്

അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ എട്ട് വിക്കറ്റിന് ഇംഗ്ലണ്ടിന് വിജയം. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 15.3 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 124 റൺസാണെടുത്തത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 20 ഓവറിൽ 124 ന് എഴ്, ഇംഗ്ലണ്ട് 15.3 ഓവറിൽ രണ്ട് വിക്കറ്റിന് 130.

32 പന്തുകളിൽ നിന്നും 49 റൺസെടുത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഓപ്പണർ ജേസൺ റോയിയുടെ മികവിലാണ് ഇംഗ്ലണ്ട് അനായാസം വിജയത്തിലെത്തിയത്. 125 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ജേസൺ റോയിയും ജോസ് ബട്ലറും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ആറോവറിൽ 50 റൺസ് കൂട്ടിച്ചേർത്തു.

ഒടുവിൽ എട്ടാം ഓവറിലെ അവസാന പന്തിൽ ജോസ് ബട്ലറെ വിക്കറ്റിന് മുന്നിൽ കുടുക്കി ചാഹൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തുകളിൽ നിന്നും രണ്ട് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 28 റൺസാണ് താരം നേടിയത്. ആദ്യ വിക്കറ്റിൽ ജേസൺ റോയിയ്ക്കൊപ്പം 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ബട്ലർ മടങ്ങിയത്.

ബട്ലറിന് പിന്നാലെ ജേസൺ റോയിയും പുറത്തായി. സ്കോർ 89-ൽ നിൽക്കേ തന്റെ ആദ്യ പന്തിൽ തന്നെ റോയിയെ വിക്കറ്റിന് മുന്നിൽ കുടുക്കി വാഷിങ്ടൺ സുന്ദർ ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റ് വീഴ്ത്തി. 32 പന്തുകളിൽ നിന്നും നാല് ഫോറുകളുടെയും മൂന്ന് സിക്സുകളുടെയും ബലത്തിൽ 49 റൺസെടുത്താണ് റോയ് മടങ്ങിയത്. പിന്നീട് ഒത്തുചേർന്ന ബെയർസ്റ്റോയും ഡേവിഡ് മലാനും ചേർന്ന് ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലെത്തിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ചാഹലും വാഷിങ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ചാഹൽ നാലോവറിൽ 44 റൺസും അക്ഷർ പട്ടേൽ മൂന്നോവറിൽ 24 റൺസും വഴങ്ങി. 48 പന്തുകളിൽ നിന്നും 67 റൺസെടുത്ത ശ്രേയസ്സ് അയ്യർ മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. മറ്റ് ബാറ്റ്സ്മാൻമാരെല്ലാം നിരാശപ്പെടുത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. വെറും മൂന്നു റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. ഓപ്പണർ കെ.എൽ.രാഹുലും (1) നായകൻ വിരാട് കോലിയുമാണ് (0) പുറത്തായത്. പിന്നീട് ക്രീസിലെത്തിയ ഋഷഭ് പന്തും ഓപ്പണർ ശിഖർ ധവാനും ചേർന്ന് സ്കോർ 20-ൽ എത്തിച്ചു.

എന്നാൽ 12 പന്തുകളിൽ നിന്നും നാലുറൺസെടുത്ത ധവാനെ മാർക്ക് വുഡ് ക്ലീൻ ബൗൾഡാക്കി. ഇതോടെ സ്കോർ 20 ന് മൂന്നുവിക്കറ്റ് എന്ന നിലയിലായി. ബാറ്റിങ് പവർപ്ലേയിൽ ഇന്ത്യ വെറും 22 റൺസാണ് എടുത്തത്. പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് പന്ത് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. എന്നാൽ സകോർ 48-ൽ നിൽക്കേ 23 പന്തുകളിൽ നിന്നും 21 റൺസെടുത്ത ഋഷഭ് പന്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. ബെൻ സ്റ്റോക്സിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച പന്ത് ബെയർസ്റ്റോയ്ക്ക് ക്യാച്ച് നൽകി മടങ്ങി.

ആദ്യ പത്തോവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ വെറും 48 റൺസാണ് ഇന്ത്യ നേടിയത്. ശേഷം ക്രീസിലെത്തിയ ഹാർദിക്കിനെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ മികച്ച പ്രകടനം പുറത്തെടുത്തു. വൈകാതെ 36 പന്തുകളിൽ നിന്നും താരം അർധസെഞ്ചുറി നേടി. കരിയറിലെ മൂന്നാം അർധസെഞ്ചുറിയാണ് ശ്രേയസ് ഈ മത്സരത്തിലൂടെ കുറിച്ചത്.

ശ്രേയസും ഹാർദിക്കും ചേർന്ന് 17 ഓവറിൽ ഇന്ത്യൻ സ്കോർ 100 കടത്തി. പിന്നാലെ 21 പന്തുകളിൽ നിന്നും 19 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെ ജോഫ്ര ആർച്ചർ പുറത്താക്കി. ശ്രേയസ്സിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് താരം ക്രീസ് വിട്ടത്. പിന്നാലെ വന്ന ശാർദുൽ നേരിട്ട ആദ്യ പന്തിൽ തന്നെ ആർച്ചർക്ക് വിക്കറ്റ് സമ്മാനിച്ചു.

അവസാന ഓവറുകളിൽ ഒറ്റയ്ക്ക് സ്കോർ മുന്നോട്ടുകൊണ്ടുപോയ ശ്രേയസ്സ് അയ്യരുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. അവസാന ഓവറിലെ മൂന്നാം പന്തിലാണ് ശ്രേയസ് പുറത്തായത്. ശ്രേയസ്സിനെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. എട്ട് ബൗണ്ടറികളും ഒരു സിക്സും താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.