കൊച്ചി : തൃശൂര്‍ ജൂബിലി മിഷന്‍, അമല ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തിന്റെ മറവില്‍ തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും അതിരൂപതാ ആസ്ഥാനത്തെ ലക്ഷ്യം വെച്ച് അവഹേളനങ്ങള്‍ നടത്താനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സീറോ മലബാര്‍ സഭ.
ഹോസ്പിറ്റല്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട ഏതൊരു വിഷയവും ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതും സമരമടക്കമുള്ള ജനാധിപത്യപരമായ പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതും ആശുപത്രി തലത്തിലാണ്. എന്നാല്‍ ഇതിനു വിപരീതമായി പ്രശ്‌നങ്ങളെ അതിരൂപതാ ആസ്ഥാനത്തേക്കും അതിരൂപത അധ്യക്ഷനു നേരെ വ്യക്തിപരമായും തിരിച്ചുവിടാന്‍ ശ്രമിക്കുന്നത് കൃത്യമായ അജണ്ടകളുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വര്‍ഷങ്ങളായി കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന മാതൃകാപരമായ സ്ഥാപനങ്ങളാണ് ജൂബിലി മിഷന്‍, അമല ആശുപത്രികള്‍. നിലവില്‍ ഉയര്‍ന്ന വേതന വ്യവസ്ഥയാണ് ഇവിടെ ജീവനക്കാര്‍ക്ക് നല്‍കി പോരുന്നത്.
മാത്രമല്ല ആശുപത്രി മാനേജ്മെന്റുകളും സമരത്തിനിരിക്കുന്നവരുടെ പ്രതിനിധികളുമായി ജൂണ്‍ 28ന് നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതന വ്യവസ്ഥകള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ തയ്യാറാണെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഔദ്യോഗികമായി ഉറപ്പു നല്‍കുകയും സൗഹാര്‍ദപരമായി പ്രശ്‌നം പരിഹരിച്ചതുമാണെന്ന് സീറോ മലബാര്‍ സഭ പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍ ഇതിനു ശേഷവും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിനും അതിരൂപതയ്ക്കും എതിരായ പ്രതിഷേധം നടന്നതും പൊതുമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും ഈ കാരുണ്യ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കരുതിക്കൂട്ടിയുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമായി മാത്രമേ കാണാനാകൂ.
ഗൂഢ ലക്ഷ്യത്തോടെയുള്ള ഇത്തരം ആസൂത്രിത സമര മാര്‍ഗങ്ങളും കുപ്രചാരണങ്ങളും ഒരിക്കലും അംഗീകരിക്കാനാവില്ല. സഭയുടെ സേവന പ്രവര്‍ത്തനങ്ങളെയും ആത്മീയ നേതൃത്വത്തെയും നുണ പ്രചാരണങ്ങളിലൂടെയും വ്യക്തി ഹത്യയിലൂടെയും അവഹേളിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ വിശ്വാസികളും പൊതുസമൂഹവും തിരിച്ചറിയണം. ഈ പ്രതിസന്ധി ഘട്ടത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിനോടും തൃശൂര്‍ അതിരൂപതയോടുമൊപ്പം സീറോ മലബാര്‍ സഭയുണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.