പിഎം ശ്രീയില്‍ തീരുമാനമെടുക്കാനുള്ള അവകാശം കേന്ദ്രത്തിന് മാത്രം; പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ കേരളത്തിന് കോടികളുടെ നഷ്ടം: വിദ്യാഭ്യാസ മന്ത്രി

പിഎം ശ്രീയില്‍ തീരുമാനമെടുക്കാനുള്ള അവകാശം കേന്ദ്രത്തിന് മാത്രം; പദ്ധതിയില്‍ നിന്ന്  പിന്മാറിയാല്‍ കേരളത്തിന് കോടികളുടെ നഷ്ടം: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂവെന്നും സംസ്ഥാനത്തിന് പിന്മാറാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ പല ഇനത്തിലായി രണ്ടായിരം കോടി രൂപയോളം കേരളത്തിന് നഷ്ടമുണ്ടാകുമെന്നും നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പ്രവീണ്‍ കുമാര്‍ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

പദ്ധതിയിലൂടെ സംസ്ഥാനത്തെ 152 ബ്ലോക്കുകളില്‍ 304 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപവീതം മൂന്നു വര്‍ഷത്തേക്കാണ് ലഭിക്കുക. തൊള്ളായിരം കോടിരൂപയോളമാണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് കിട്ടുന്നത്.

എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ ഈ തുക നഷ്ടമാകുന്നതിനുപുറമെ അന്യായമായി മറ്റ് കേന്ദ്ര ഫണ്ടുകള്‍ തടഞ്ഞുവയ്ക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതിയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതമായതും ആ ഫണ്ട് പ്രതീക്ഷിച്ച് തന്നെയാണെന്നും ഷംസുദ്ദിന്‍ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയതായോ അഭിപ്രായങ്ങള്‍ തേടിയതായോ അറിയാന്‍ കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനുവേണ്ടി സെക്രട്ടറിമാരുടെ സമിതി രൂപീകരിച്ചിരുന്നു. സെക്രട്ടറിമാര്‍ യോഗം ചേരുകയും പദ്ധതിയില്‍ ഒപ്പുവയ്ക്കാവുന്നതാണെന്ന് ഉപദേശം നല്‍കുകയും ചെയ്തതായാണ് രേഖകളില്‍ കാണുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.