ഖൊമേനിയുടെ സംസ്‌കാരം: ഒരാഴ്ചത്തേക്ക് ഹോര്‍മൂസില്‍ സംഘര്‍ഷമില്ല; ദോഹ ചര്‍ച്ച ആശാവഹമെന്ന് റിപ്പോര്‍ട്ട്

ഖൊമേനിയുടെ സംസ്‌കാരം: ഒരാഴ്ചത്തേക്ക് ഹോര്‍മൂസില്‍ സംഘര്‍ഷമില്ല; ദോഹ ചര്‍ച്ച ആശാവഹമെന്ന് റിപ്പോര്‍ട്ട്

ദോഹ: പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനമെന്ന ലക്ഷ്യവുമായി അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികള്‍ ഖത്തറില്‍ മധ്യസ്ഥര്‍ മുഖേന നടത്തിയ ആദ്യഘട്ട ചര്‍ച്ച ആശാവഹമെന്ന് റിപ്പോര്‍ട്ട്. ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഹോര്‍മൂസ് അടക്കം വിവിധ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏകദേശ ധാരണയായെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തേക്ക് ഹോര്‍മൂസില്‍ സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഇറാനും യുഎസും തമ്മില്‍ ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഖൊമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മാത്രമേ അടുത്ത ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കൂ എന്നാണ് വിവരം. ജൂലൈ നാല് മുതല്‍ ഒന്‍പത് വരെയാണ് സംസ്‌കാര ചടങ്ങുകള്‍. അതേസമയം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ നിയന്ത്രണം ആര്‍ക്കായിരിക്കണം എന്ന കാര്യത്തില്‍ ഇരുപക്ഷവും തമ്മിലുള്ള ഭിന്നത തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുള്‍പ്പെടെ അന്തിമ കരാറിലെത്തുന്നതിന് തടസമായി നില്‍ക്കുന്ന വിഷയങ്ങള്‍ ഖത്തറിന്റെയും പാകിസ്ഥാന്റെയും പ്രതിനിധികള്‍ മുഖേന ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. രണ്ടാഴ്ച മുന്‍പ് ഇറാനും യു.എസും ഒപ്പുവെച്ച 'ഇസ്ലമാബാദ് ധാരണാപത്ര'ത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിലെ പുരോഗതിയും ചര്‍ച്ചയില്‍ വിലയിരുത്തി.

അതേസമയം ഖത്തറിലെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരദ് കുഷ്നറും സാങ്കേതികതല ചര്‍ച്ചയുടെ ഭാഗമായില്ല. ഇരുവരും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി.

വിദേശകാര്യ സഹമന്ത്രി കാസിം ഖരിബാബാദിയുടെ നേതൃത്വത്തിലുള്ള സംഘം ഇറാനിലേക്ക് പോകുമെങ്കിലും അവര്‍ യു.എസ് പ്രതിനിധികളുമായി നേരിട്ട് ചര്‍ച്ച നടത്തില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.