കല്‍പറ്റ: വിവാദപരമായ കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപ്പാത പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാന്‍ മുന്‍ സര്‍ക്കാര്‍ തെറ്റായ വിവരങ്ങളടങ്ങിയ ഔദ്യോഗിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വിവരങ്ങള്‍. 2022 മെയില്‍ പൊതുമരാമത്ത് വകുപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരിസ്ഥിതി നാശത്തിന് വഴിവെക്കുന്ന ഗുരുതരമായ വസ്തുതാ വിരുദ്ധമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിര്‍ദിഷ്ട പദ്ധതി പ്രദേശം പൂര്‍ണമായും പരിസ്ഥിതി ദുര്‍ബല മേഖലയോ സംരക്ഷിത പ്രദേശമോ അല്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രദേശത്ത് വനാവകാശ നിയമം ബാധകമല്ലെന്നും നഷ്ടപരിഹാര വനവല്‍ക്കരണത്തിന് ആവശ്യമായ ഭൂമി ഈ മേഖലയിലില്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിന് തികച്ചും വിപരീതമാണ്. തുരങ്കപ്പാത കടന്നുപോകുന്ന വയനാട്ടിലെ വെള്ളരിമല വില്ലേജും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വില്ലേജും പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ വ്യക്തമായി ഉള്‍പ്പെട്ടിട്ടുള്ള പ്രദേശങ്ങളാണ്.
നാടിനെ നടുക്കിയ പ്രകൃതി ദുരന്തങ്ങള്‍ നടന്ന സ്ഥലങ്ങള്‍ക്ക് തൊട്ടടുത്താണ് ഈ തുരങ്ക നിര്‍മാണം ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണിടിച്ചിലുണ്ടായ കള്ളാടിയിലെ തുരങ്കമുഖത്ത് നിന്നും പുത്തുമല ദുരന്ത ഭൂമിയിലേക്ക് വെറും 800 മീറ്റര്‍ മാത്രമാണ് ദൂരം. 2024 ജൂലൈയില്‍ വന്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ കള്ളാടിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. 1960 മുതല്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ പ്രദേശം, മണ്‍സൂണ്‍ കാലത്ത് കടുത്ത മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലയാണെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത വിദഗ്ധ സമിതി തന്നെ കണ്ടെത്തിയിട്ടുള്ളതാണ്.
മേഖലയിലെ നിര്‍ണായകമായ ഗോത്ര വര്‍ഗ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോര്‍ട്ടില്‍ പൂര്‍ണമായി മറച്ചുവെച്ചു. വയനാട്ടിലെ അരണമല ആദിവാസി ഊരിലെ 27 കാട്ടുനായ്ക്ക കുടുംബങ്ങള്‍ തുരങ്കമുഖത്തോട് ചേര്‍ന്നാണ് നിലവില്‍ താമസിക്കുന്നത്. നിര്‍ദിഷ്ട തുരങ്കപ്പാതയ്ക്ക് സമീപ പ്രദേശങ്ങളിലായി ആകെ 32 ആദിവാസി ഊരുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനുപുറമേ നഷ്ടപരിഹാര വനവല്‍ക്കരണത്തിനായി വനംവകുപ്പ് നവകിരണം പദ്ധതി വഴി പ്രദേശത്തെ സ്വകാര്യ ഭൂമികള്‍ ഇതിനകം ഏറ്റെടുത്തിട്ടുമുണ്ട്. നാടിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഇത്തരം നിര്‍ണായക വിവരങ്ങളെല്ലാം ബോധപൂര്‍വം മറച്ചുവെച്ചാണ് സര്‍ക്കാര്‍ കേന്ദ്രാനുമതിക്കായി നീക്കം നടത്തിയതെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.