കാലവര്‍ഷം കനക്കുന്നു: വടക്കന്‍ കേരളത്തില്‍ റെഡ്-യെല്ലോ അലര്‍ട്ട്; പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ അവധി

കാലവര്‍ഷം കനക്കുന്നു: വടക്കന്‍ കേരളത്തില്‍ റെഡ്-യെല്ലോ അലര്‍ട്ട്; പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി അഞ്ച് ജില്ലകളിലാണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ അതിതീവ്രമാകാനുള്ള സാധ്യത കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതത് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ എന്നിവയ്ക്കാണ് അവധി നല്‍കിയിരിക്കുന്നത്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാലാ-പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കും ഖനനത്തിനും വിലക്കേര്‍പ്പെടുത്തിയതോടൊപ്പം ജലാശയങ്ങളിലേക്കുള്ള പ്രവേശനത്തിനും കര്‍ശന നിരോധനമുണ്ട്. കൂടാതെ മണ്ണെടുപ്പ്, കിണര്‍ നിര്‍മാണം, മണലെടുപ്പ് എന്നിവ താല്‍കാലികമായി നിര്‍ത്തിവെക്കാനും ദുരന്തനിവാരണ വിഭാഗം നിര്‍ദേശിച്ചു.

ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മലയോര പ്രദേശങ്ങളിലും ചുരം മേഖലകളിലും വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുള്ള രാത്രികാല അടിയന്തര ഇതര യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. വയനാട് ജില്ലയില്‍ അങ്കണവാടികള്‍, മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇത് ബാധകമല്ല.

മലപ്പുറത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ തടസമില്ലാതെ നടക്കുമെന്നും നഷ്ടപ്പെടുന്ന പ്രവൃത്തി ദിനങ്ങള്‍ പിന്നീട് നികത്താന്‍ സ്ഥാപന മേധാവികള്‍ നടപടിയെടുക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.