വേനൽക്കാല വിശ്രമത്തിനായി കാസ്റ്റൽ ഗാൻഡോൾഫോയിൽ എത്തി ലിയോ പാപ്പ; പൊതുപരിപാടികൾക്ക് അവധി

വേനൽക്കാല വിശ്രമത്തിനായി കാസ്റ്റൽ ഗാൻഡോൾഫോയിൽ എത്തി ലിയോ പാപ്പ; പൊതുപരിപാടികൾക്ക് അവധി

റോം: പതിവ് രീതികൾ അനുസരിച്ച് വേനൽക്കാല വിശ്രമത്തിനായി ലിയോ മാർപാപ്പ റോമിലെ വസതിയിൽ നിന്ന് കാസ്റ്റൽ ഗാൻഡോൾഫോയിലെ പൊന്തിഫിക്കൽ കൊട്ടാരത്തിലേക്ക് മാറി. ഓഗസ്റ്റ് മാസം ആദ്യം വരെ പാപ്പ ഇവിടെയായിരിക്കും ചിലവഴിക്കുക.

ജൂലൈ 27 വരെയുള്ള പാപ്പയുടെ എല്ലാ പൊതു കൂടിക്കാഴ്ചകളും ഞായറാഴ്ചകളിലെ ത്രികാല ജപ സന്ദേശങ്ങളും താൽകാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഓഗസ്റ്റ് അഞ്ച് ബുധനാഴ്ച മുതലാണ് പൊതുപരിപാടികൾ പുനരാരംഭിക്കുക.

ജൂലൈ മാസത്തിലെ ഞായറാഴ്ചകളിൽ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിന് പകരം കാസ്റ്റൽ ഗാൻഡോൾഫോയിൽ നിന്നായിരിക്കും പാപ്പ ത്രികാല ജപ പ്രാർത്ഥനകൾ നയിക്കുക. കാസ്റ്റൽ ഗാൻഡോൾഫോയിൽ എത്തിയ പാപ്പ അപ്പസ്തോലിക് കൊട്ടാരത്തിന്റെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട് തന്നെ കാണാനെത്തിയ വിശ്വാസികളെ അഭിവാദ്യം ചെയ്തു. വരും ആഴ്ചകൾ പ്രാർത്ഥനയ്ക്കും വായനയ്ക്കും വിശ്രമത്തിനുമായി നീക്കിവെക്കാൻ സാധിക്കുന്നതിലുള്ള സന്തോഷം പാപ്പ പങ്കുവെച്ചു.

റോമൻ ചക്രവർത്തിയായിരുന്ന ഡോമീസ്യന്റെ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് നിലവിലെ ഈ വേനൽക്കാല വസതി സ്ഥിതി ചെയ്യുന്നത്. പിൽക്കാലത്ത് ഗണ്ടോൾഫി കുടുംബത്തിന്റേതായി മാറിയ ഈ കെട്ടിടം 1623 നും 1644 നും ഇടയിൽ ഉർബൻ എട്ടാമൻ പാപ്പയാണ് പുനരുദ്ധരിച്ചത്. അന്നു മുതൽ മാർപാപ്പമാരുടെ വേനൽക്കാല വസതിയായി ഈ കൊട്ടാരം ഉപയോഗിച്ചു വരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.