വലിയ ഭീഷണി, 2050 ഓടെ കേസുകള്‍ ഇരട്ടിയാകും: കാന്‍സറിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വലിയ ഭീഷണി, 2050 ഓടെ കേസുകള്‍ ഇരട്ടിയാകും: കാന്‍സറിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കാന്‍സര്‍ വ്യാപനത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 2050 ആകുമ്പോഴേക്കും ലോകത്ത് കാന്‍സര്‍ കേസുകള്‍ ഇരട്ടിയാകുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

പ്രതിവര്‍ഷം 35 ദശലക്ഷം കാന്‍സര്‍ കേസുകള്‍ ഉണ്ടാകുമെന്നും 2024 നെ അപേക്ഷിച്ച് 66.7 ശതമാനം വര്‍ധനയാണ് ഉണ്ടാവുകയെന്നുമാണ് മുന്നറിയിപ്പ്. രോഗം പ്രതിരോധിക്കുന്നതിനും നേരത്തേ കണ്ടെത്തുന്നതിനും അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ആഗോള തലത്തില്‍ ഇപ്പോള്‍ പ്രതിദിനം 26,000 പേര്‍ കാന്‍സര്‍ മൂലം മരിക്കുന്നുണ്ട്. ഹൃദ്രോഗത്തിന് ശേഷം മരണ കാരണമാകുന്ന രണ്ടാമത്തെ പ്രധാന രോഗമാണിത്. പ്രതിവര്‍ഷം ഏകദേശം 20.6 ദശലക്ഷം പുതിയ കേസുകളും 10 ദശലക്ഷത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

2010 മുതല്‍ ലോകമെമ്പാടും പുകയില ഉപയോഗം 27 ശതമാനം കുറഞ്ഞത് ആശ്വാസകരമായ കാര്യമാണെന്നും ഇത് ചിലയിടങ്ങളിലെങ്കിലും ശ്വാസകോശ കാന്‍സര്‍ കേസുകളും മരണങ്ങളും കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

അമിതവണ്ണം, അണുബാധകള്‍, അമിതമായ മദ്യാസക്തി തുടങ്ങിയ മറ്റ് പ്രധാന പ്രതിരോധ മേഖലകളില്‍ കൂടുതല്‍ ഊര്‍ജ്ജിതമായ നടപടികള്‍ ആവശ്യമാണെന്നും പുകയില നിയന്ത്രണം കൂടുതല്‍ മെച്ചപ്പെടണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

2024 ലെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ലോകമെമ്പാടുമുള്ള കാന്‍സര്‍ കേസുകള്‍ക്ക് പ്രധാന കാരണങ്ങള്‍ പുകയില ഉപയോഗം, അണുബാധകള്‍, മദ്യാസക്തി, ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്‌സ് എന്നിവയാണ്.

കാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കുന്നതിലെ അസമത്വങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് എടുത്തു പറയുന്നു. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ സ്തനാര്‍ബുദം ബാധിച്ച 87 ശതമാനം സ്ത്രീകളും രോഗനിര്‍ണയം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിജീവിക്കുമ്പോള്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഇത് ഏകദേശം 42 ശതമാനം മാത്രമാണ്.

ഏഷ്യയിലാണ് 2024 ല്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിലെ മൊത്തം കേസുകളില്‍ പകുതിയോളം (50.7%) മരണങ്ങളില്‍ 56.5% ഏഷ്യയിലാണ്. അണുബാധകളുടെ കാര്യത്തില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ് ഗര്‍ഭാശയ കാന്‍സറിന് ഒരു പ്രധാന കാരണമാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ സ്ത്രീകളില്‍ ഇത് മരണനിരക്ക് വര്‍ധിപ്പിക്കുന്നുണ്ട്. സ്തനാര്‍ബുദ, ഗര്‍ഭാശയ കാന്‍സര്‍ സ്‌ക്രീനിംഗുകള്‍ ഉയര്‍ന്നതും താഴ്ന്നതുമായ വരുമാനമുള്ള രാജ്യങ്ങളില്‍ നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ട്.

ലോകമെമ്പാടുമുള്ള കാന്‍സര്‍ കേസുകളില്‍ പകുതിയോളം തടയാന്‍ കഴിയുന്ന അപകട ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രത്യേകിച്ച് ഹ്യൂമന്‍ പാപ്പിലോമ വൈറസ്, ഹെപ്പറ്റൈറ്റിസ് ബി, സി, ഹെലിക്കോബാക്ടര്‍ പൈലോറി, മദ്യം, പുകയില ഉപയോഗം, ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്‌സ്, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവ കാന്‍സര്‍ പ്രതിരോധത്തില്‍ പ്രധാനമാണ്. പക്ഷേ പല അപകട ഘടകങ്ങള്‍ക്കും വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തത് രോഗ പ്രതിരോധത്തിന് വെല്ലുവിളിയാകുന്നു.

വിവിധ തരം കാന്‍സറുകളില്‍ ശ്വാസകോശ കാന്‍സറാണ് ലോകമെമ്പാടും കൂടുതല്‍ മരണങ്ങള്‍ക്ക് പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. പുരുഷന്മാരില്‍ ശ്വാസകോശ, പ്രോസ്റ്റേറ്റ്, വന്‍കുടല്‍ കാന്‍സറുകളാണ് ഏറ്റവും സാധാരണമായി സ്ഥിരീകരിക്കുന്നതെങ്കില്‍ സ്ത്രീകള്‍ക്കിടയില്‍ സ്തനാര്‍ബുദം, ശ്വാസകോശ കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍ എന്നിവ സ്ഥിരീകരിക്കുന്നത് കൂടുന്നുണ്ട്

കാന്‍സര്‍ ചികിത്സ പല കുടുംബങ്ങള്‍ക്കും സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 116 രാജ്യങ്ങളിലെ 4,000 പേരെ ഉള്‍ക്കൊള്ളുന്ന ലോകാരോഗ്യ സംഘടനയുടെ ആദ്യ സര്‍വേ അനുസരിച്ച്, കുറഞ്ഞത് 45 ശതമാനം ആളുകള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.

പകുതിയിലധികം പേര്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. സാമൂഹിക ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നവരുമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.