സീറോ മലബാർ സഭയുടെ 'പൗരസ്ത്യരത്നം' പുരസ്‌കാരം മാർ തോമസ് ഇലവനാലിന്

സീറോ മലബാർ സഭയുടെ 'പൗരസ്ത്യരത്നം' പുരസ്‌കാരം മാർ തോമസ് ഇലവനാലിന്

കൊച്ചി: സീറോ മലബാർ സഭയുടെ 2026 ലെ ഉന്നത പുരസ്‌കാരമായ 'പൗരസ്ത്യരത്നം' അവാർഡിന് കല്യാൺ രൂപത മുൻ മെത്രാനും സഭയുടെ ആരാധനക്രമ കമ്മീഷൻ മുൻ ചെയർമാനുമായ മാർ തോമസ് ഇലവനാൽ അർഹനായി. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, സംഗീതം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്നവർക്കായി രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന പുരസ്‌കാരമാണിത്.

തലശേരി അതിരൂപതാ അംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ ആരാധനക്രമ പ്രൊഫസറുമായിരുന്ന റവ. ഡോ. തോമസ് മണ്ണൂരാംപറമ്പിലാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷനായ അവാർഡ് നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

സഭയുടെ തനതായ ആരാധനക്രമ പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിലും കാത്തുസൂക്ഷിക്കുന്നതിലും ദൈവജനത്തിനിടയിൽ ആരാധനക്രമത്തെക്കുറിച്ച് ആഴമേറിയ അവബോധം വളർത്തുന്നതിലും മാർ തോമസ് ഇലവനാൽ നൽകിയ അമൂല്യമായ സേവനങ്ങളെ സമിതി പ്രത്യേകം വിലയിരുത്തി.

2026 ഓഗസ്റ്റ് മാസത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സീറോ മലബാർ മെത്രാൻ സിനഡിന്റെ സമാപന സമ്മേളനത്തിൽ വെച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് മാർ തോമസ് ഇലവനാൽ പിതാവിന് പുരസ്‌കാരം സമ്മാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.