സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഭവനവാടക ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്. പ്രോപ്പർട്ടി വെബ്‌സൈറ്റായ 'ഡൊമെയ്‌ൻ' പുറത്തുവിട്ട 2026 ജൂൺ പാദത്തിലെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ പ്രധാന പ്രവിശ്യാ തലസ്ഥാനങ്ങളിലെല്ലാം വാടക നിരക്കുകൾ കുതിച്ചുയർന്നു. ഭവനക്ഷാമവും വർധിച്ചുവരുന്ന ജനസംഖ്യയും വിപണിയെ പൂർണമായും ഭൂവുടമകളുടെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
രാജ്യത്ത് വാടകക്കയറ്റം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് സിഡ്‌നിയെയാണ്. ഇവിടെ ശരാശരി വാടക 50 ഡോളർ വർധിച്ച് റെക്കോർഡ് നിരക്കായ 850 ഡോളറിലെത്തി. ബ്രിസ്ബേനിൽ വാടക 700 ഡോളറായി ഉയർന്നു. പെർത്തിനെ പിന്തള്ളി ഡാർവിൻ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ചിലവേറിയ വാടക വിപണിയായി മാറി. ഡാർവിനിലെ ഫ്ലാറ്റ് വാടകയിൽ മാത്രം ഒരു വർഷത്തിനിടെ 18.2 ശതമാനമാണ് വർധനവ്.
അഞ്ച് വർഷം മുൻപുള്ളതിനേക്കാൾ പ്രതിവർഷം ശരാശരി 12,480 ഡോളർ അധികമാണ് ഒരു സാധാരണ ഓസ്‌ട്രേലിയൻ കുടുംബം വാടകയിനത്തിൽ ഇപ്പോൾ ചിലവാക്കുന്നത്. ഉയർന്ന ജീവിതച്ചിലവ് മറികടക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേർന്ന് വീടുകൾ പങ്കിടുന്ന 'ഷെയറിങ്' രീതി രാജ്യത്ത് വ്യാപകമായിരിക്കുകയാണ്.
രാജ്യത്തെ വേക്കൻസി റേറ്റ് ഒരു ശതമാനത്തിലും താഴെയാണ്. അതായത്, വിപണിയിലുള്ള 100 വീടുകളിൽ ഒന്നുപോലും വാടകയ്ക്ക് എടുക്കാൻ ലഭ്യമല്ലാത്ത അവസ്ഥ. പലിശനിരക്കിലെ വർധനവ് മൂലം പുതിയ നിക്ഷേപകർ ഭവന വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
സർക്കാർ അടിയന്തരമായി കർശനമായ ഭവന നിർമ്മാണ പദ്ധതികൾ ആവിഷ്കരിച്ചില്ലെങ്കിൽ സാധാരണക്കാരായ പ്രവാസികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ കൂടുതൽ ദുരിതത്തിലാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓൺലൈനിൽ വരുന്ന പരസ്യങ്ങൾക്ക് നിമിഷങ്ങൾക്കകം നൂറുകണക്കിന് അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.