വയനാട്: കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക് കടന്നു. പ്രതികൂല കാലാവസ്ഥയും തുടര്‍ച്ചയായ മഴയും വില്ലനാകുന്നതിനിടെ, കാണാതായ അഞ്ച് തൊഴിലാളികള്‍ക്കായി അപകടമേഖല നാല് സോണുകളായി തിരിച്ച് ഇന്ന് അതിരാവിലെ മുതല്‍ തെരച്ചില്‍ പുനരാരംഭിച്ചു.
എന്‍.ഡി.ആര്‍.എഫും ഫയര്‍ഫോഴ്‌സും പൊലീസും സിവില്‍ ഡിഫന്‍സും അടങ്ങുന്ന വലിയ ദൗത്യ സംഘമാണ് അത്യാധുനിക സജ്ജീകരണങ്ങളോടെ അപകട സ്ഥലത്ത് പരിശോധന നടത്തുന്നത്. ദുരന്തഭൂമിയെ നാല് പ്രത്യേക സോണുകളായി തിരിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സമാന്തരമായാണ് പരിശോധന പുരോഗമിക്കുന്നത്. ഇന്നലത്തെ തിരച്ചിലില്‍ കെഡാവര്‍ നായ്ക്കള്‍ സൂചന നല്‍കിയ മൂന്നാം സോണിലും സമീപത്തുകൂടി ഒഴുകുന്ന മീനാക്ഷി പുഴയിലുമാണ് ഇന്ന് പ്രധാനമായും ദൗത്യ സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മണ്ണിനടിയില്‍പ്പെട്ടവര്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പുഴയുടെ തീരങ്ങളിലും അടിത്തട്ടിലും പ്രത്യേക സംഘങ്ങള്‍ പരിശോധന നടത്തുന്നുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രി മുതല്‍ നിലയ്ക്കാതെ പെയ്യുന്ന കനത്ത മഴയും മീനാക്ഷി പുഴയിലെ മലവെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കുറയ്ക്കുന്നുണ്ട്. ഇതിനുപുറമേ മുന്‍പ് സംരക്ഷണ ഭിത്തി തകര്‍ന്ന ഭാഗത്തിന് മുകളിലായി വീണ്ടും മണ്ണിടിയുന്ന പ്രവണത ദൗത്യ സംഘത്തില്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നു.
കൂടുതല്‍ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രതയോടെയും സുരക്ഷാ മുന്‍കരുതലുകളോടെയുമാണ് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള അവശിഷ്ടങ്ങള്‍ മാറ്റല്‍ പുരോഗമിക്കുന്നത്. ദുരന്ത മേഖലയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തിന് വഴിവെച്ച കാരണങ്ങളെക്കുറിച്ചും നിര്‍മാണ മേഖലയിലെ വീഴ്ചകളെക്കുറിച്ചും വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സമിതി ഇന്ന് രൂപീകരിക്കും.
അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് ദുരന്തമേഖലയായ കള്ളാടി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സന്ദര്‍ശിക്കുകയും ചെയ്യും.
മോശം കാലാവസ്ഥയും മണ്ണൊലിപ്പ് ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ ദുരന്തമേഖലയിലേക്കും പരിസരങ്ങളിലേക്കും പൊതുജനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും അനാവശ്യമായി പ്രവേശിക്കരുതെന്ന് ജില്ലാ ഭരണകൂടവും പൊലീസും കര്‍ശന നിര്‍ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.