മെല്‍ബണ്‍: 2015 ലെ ആണവ സഹകരണ കരാര്‍ വ്യവസ്ഥ പ്രകാരം സമാധാനപരമായ ആണവ ഉപയോഗത്തിനായി ഇന്ത്യയ്ക്ക് യുറേനിയം നല്‍കാമെന്ന് ഓസ്‌ട്രേലിയ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും പങ്കെടുത്ത മൂന്നാം ഇന്ത്യ-ഓസ്ട്രേലിയ വാര്‍ഷിക ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച ദീര്‍ഘകാല കരാറില്‍ ഒപ്പിട്ടു.
കാനഡ, ഫ്രാന്‍സ്, റഷ്യ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഇപ്പോള്‍ യുറേനിയം ഇറക്കുമതി ചെയ്യുന്നത്. യൂറേനിയം കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ജാര്‍ഖണ്ഡിലും ആന്ധ്രയിലും ഖനനം ചെയ്യുന്നുണ്ടെങ്കിലും വളരെ പരിമിതമാണ്.
ലോകത്തിലെ യൂറേനിയം ശേഖരത്തിന്റെ 28-33 ശതമാനവും ഓസ്‌ട്രേലിയയിലാണ്. രാജ്യത്ത് ആണവ നിലയങ്ങളോ ആണവായുധങ്ങളോ ഇല്ലാത്തതിനാല്‍ മൊത്തം കയറ്റുമതി ചെയ്യുകയാണ്. 1998 ല്‍ ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തിയപ്പോള്‍ യുറേനിയം ഇന്ത്യക്ക് നല്‍കരുതെന്ന് ആഹ്വാനം ചെയ്ത രാജ്യമാണ് ഓസ്‌ട്രേലിയ. പിന്നീട് 2015 ലാണ് നിലപാട് മാറ്റി സഹകരണം വാഗ്ദാനം ചെയ്തത്.
ഓസ്‌ട്രേലിയയുമായുള്ള പുതിയ കരാര്‍ ആണവ നിലയങ്ങളിലെ വൈദ്യുതി ഉല്‍പാദനം 8.78 ജിഗാവാട്ടില്‍ നിന്ന് 2047 ല്‍ 100 ജിഗാവാട്ടായി ഉയര്‍ത്താനുള്ള പദ്ധതിക്ക് സഹായകമാകും. നിലവില്‍ ആണവോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി മൂന്ന് ശതമാനം മാത്രമാണ്. കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതിയാണ് കൂടുതല്‍. 2070 ല്‍ കാര്‍ബണ്‍ രഹിതമാകണമെന്ന ലക്ഷ്യം കൈവരിക്കാന്‍ ആണര്‍വോര്‍ജത്തിലേക്ക് മാറുകയാണ് ഇന്ത്യ.
യുറേനിയം കരാറിന് പുറമേ കല്‍ക്കരി, ഡീസല്‍, പ്രകൃതിവാതകം എന്നിവയിലെ വാണിജ്യ പങ്കാളിത്തം തുടരാനും തീരുമാനമായി. അമേരിക്ക, ജപ്പാന്‍, ഇന്ത്യ, ഓസ്‌ട്രേലിയ ഉള്‍പ്പെട്ട ക്വാഡ് കൂട്ടായ്മയ്ക്ക് പുറമെ ഇന്തോ-പസഫിക് സുരക്ഷയിലും ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ഇന്ത്യ-ഓസ്ട്രേലിയ പ്രതിരോധ ഇന്നൊവേഷന്‍ ഇടനാഴിയിലൂടെ പ്രതിരോധ സ്റ്റാര്‍ട്ടപ്പുകളെ ബന്ധിപ്പിക്കും. സായുധ സേനകള്‍ തമ്മില്‍ സഹകരണം, പരിശീലനം. സൈബര്‍, ഉന്നത സാങ്കേതിക ഇടപാടുകള്‍ ശക്തമാക്കും. വിക്ടോറിയ യൂണിവേഴ്‌സിറ്റിയുടെ കാമ്പസ് ഗുരുഗ്രാമില്‍ തുടങ്ങും. തമിഴ്നാട്ടില്‍ നിന്നു കൊണ്ടുപോയ 11-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കാനും തീരുമാനമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.