കീവ്: റഷ്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണ സംഭരണശാലകളെ ലക്ഷ്യമിട്ട് ഉക്രെയ്ന്‍ ആക്രമണം ശക്തമാക്കുന്നു. ബുധനാഴ്ച രാത്രി ഉക്രെയ്ന്‍ നടത്തിയ ശക്തമായ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയിലെ ത്വര്‍, സ്റ്റാവ്റോപോള്‍ മേഖലകളിലെ പ്രമുഖ എണ്ണ സംഭരണശാലകള്‍ക്ക് വന്‍ നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിനുപുറമേ അസോവ് കടലില്‍ കിടന്നിരുന്ന രണ്ട് റഷ്യന്‍ എണ്ണ ടാങ്കറുകളും ഉക്രെയ്‌ന്റെ ആക്രമണത്തില്‍ കത്തിനശിച്ചതായാണ് വിവരം.
കപ്പലുകള്‍ക്ക് തീപിടിച്ച വിവരം റഷ്യന്‍ നഗരമായ റോസ്‌തോവിലെ ഗവര്‍ണര്‍ യൂരി സ്ല്യൂസാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ സാധിച്ചതായും അദേഹം വ്യക്തമാക്കി. അതിര്‍ത്തികള്‍ക്കപ്പുറം റഷ്യയുടെ ആഭ്യന്തര മേഖലകളിലേക്ക് ഉക്രയ്‌ന്റെ ആക്രമണ പരിധി നീളുന്നതായാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള എണ്ണ സംഭരണശാലകളിലും, 1500 കിലോമീറ്റര്‍ അകലെ ഉഫയില്‍ സ്ഥിതി ചെയ്യുന്ന ഓയില്‍ പമ്പിങ് സ്റ്റേഷനിലും തങ്ങളുടെ സൈന്യം വിജയകരമായി ആക്രമണം നടത്തിയതായി ഉക്രയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. ഇതോടൊപ്പം അതിര്‍ത്തിയില്‍ നിന്ന് 200 കിലോമീറ്റര്‍ മാത്രം അകലെയുള്ള റോസ്‌തോവ് മേഖലയിലെ ഓയില്‍ ലോഡിങ് ടെര്‍മിനലും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
നാല് വര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ റഷ്യയുടെ ഊര്‍ജ മേഖലയെ ലക്ഷ്യമിട്ടുള്ള ഉക്രെയ്‌ന്റെ ഈ പുതിയ തന്ത്രം മോസ്‌കോയ്ക്ക് കനത്ത തിരിച്ചടിയാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യങ്ങളിലൊന്നായ റഷ്യയ്ക്ക്, നിരന്തരമായുള്ള ഇത്തരം റിഫൈനറി ആക്രമണങ്ങള്‍ കാരണം എണ്ണ കയറ്റുമതിയില്‍ ഗണ്യമായ കുറവ് വരുത്തേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ ഫലമായി റഷ്യയിലെ ആഭ്യന്തര വിപണിയില്‍ ഭൂരിഭാഗം മേഖലകളിലും പെട്രോള്‍, ഡീസല്‍ ക്ഷാമം രൂക്ഷമാകുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയുടെ കടുംപിടുത്തത്തിനും യുദ്ധം അവസാനിപ്പിക്കാനുള്ള വിസമ്മതത്തിനും ഉള്ള കൃത്യമായ മറുപടിയാണ് തങ്ങള്‍ നല്‍കുന്നതെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് ഉക്രെയ്ന്‍ പണ്ടേ ആവശ്യപ്പെടുന്നതാണെന്നും, ഇതില്‍ വരുത്തുന്ന ഓരോ ദിവസത്തെ കാലതാമസവും റഷ്യയ്ക്ക് വരും ദിവസങ്ങളില്‍ അതിശക്തമായ ആഘാതം സൃഷ്ടിക്കുമെന്നും സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.
അതേസമയം ഉക്രയ്‌ന്റെ ഭാഗത്ത് നിന്നുണ്ടായ വലിയൊരു വ്യോമാക്രമണത്തെ പ്രതിരോധിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നുണ്ട്. ബുധനാഴ്ച വൈകുന്നേരം മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്തിനുള്ളില്‍ ഉക്രെയ്ന്‍ വിക്ഷേപിച്ച 73 ഡ്രോണുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായാണ് റഷ്യന്‍ വാദം. എന്നാല്‍ ഇതേ സമയത്ത് റഷ്യയുടെ ഭാഗത്ത് നിന്നും കടുത്ത ആക്രമണം ഉണ്ടായതായി ഉക്രെയ്‌നും വ്യക്തമാക്കുന്നു.
റഷ്യ പ്രയോഗിച്ച 94 ബാലിസ്റ്റിക് ദീര്‍ഘദൂര ഡ്രോണുകളില്‍ 72 എണ്ണവും തങ്ങള്‍ വെടിവെച്ചിട്ടതായും എന്നാല്‍ തകര്‍ക്കാനാകാത്ത ചില മിസൈലുകളും ഡ്രോണുകളും പതിച്ച് 13 ഇടങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഉക്രെയ്ന്‍ വ്യോമസേന സ്ഥിരീകരിച്ചു. ഭീതിജനകമായ സാഹചര്യത്തിലൂടെയാണ് ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി നഗരങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.