ന്യൂഡല്‍ഹി: വയനാട് തുരങ്ക പാതയ്ക്ക് അനുമതി നല്‍കിയത് നടപടി ക്രമങ്ങള്‍ പൂര്‍ണമായി പാലിച്ചല്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. അസാധാരണ വേഗത്തിലും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് 2,134 കോടി രൂപയുടെ തുരങ്ക പാതയ്ക്ക് ഒന്നാംഘട്ട പാരിസ്ഥിതികാനുമതി ലഭ്യമാക്കിയത്.
സംസ്ഥാന പാരിസ്ഥിതികാഘാത പഠന അതോറിറ്റി ചെയര്‍മാന്‍ വിരമിക്കുന്ന ദിവസം വയനാട് തുരങ്ക പാതയും മറ്റൊരു അജന്‍ഡയും മാത്രമുള്‍പ്പെടുത്തി തിടുക്കത്തില്‍ അംഗീകാരം നല്‍കി കേന്ദ്രത്തിനയക്കുകയായിരുന്നു.
വലിയ പാരിസ്ഥിതികാഘാത പഠനം ആവശ്യമുള്ള വയനാട് ജില്ലയിലെ പദ്ധതിപ്രദേശം സന്ദര്‍ശിക്കുകപോലും ചെയ്യാതെയാണ് കേന്ദ്ര വിദഗ്ധ പരിശോധനാ സമിതി അനുമതി നല്‍കിയത്. മേഖലയിലെ ഭൗമയാഥാര്‍ഥ്യം മനസിലാക്കാന്‍ മെനക്കെട്ടില്ല. പദ്ധതിക്കരാര്‍ ലഭിച്ച ദിലീപ് ബില്‍ഡ്കോണാകട്ടെ, മുന്‍പ് കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയുമാണ്.
ഇവയുള്‍പ്പെടെ ഗുരുതരമായ വീഴ്ചകള്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി തണ്ണീര്‍ത്തട സംരക്ഷണ അന്താരാഷ്ട്ര പ്രസ്ഥാനം എന്ന സംഘടന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കള്ളാടിയില്‍ കഴിഞ്ഞ ദിവസത്തെ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി കൈകൂപ്പി അപേക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അടിയന്തര ഇടപെടല്‍ തേടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
നിര്‍മാണപ്രവൃത്തികള്‍ അടിയന്തരമായി നിര്‍ത്തണമെന്നും പാരിസ്ഥിതികാനുമതി നല്‍കിയതിലും ചട്ടലംഘനങ്ങളിലും ദുരന്തത്തിനിടയാക്കിയ സുരക്ഷാ വീഴ്ചയിലും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാരിസ്ഥിതികാഘാത പഠന (ഇ.ഐ.എ) റിപ്പോര്‍ട്ട് തയ്യാറാക്കിയ കൊങ്കണ്‍ റെയില്‍വേക്ക് വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഇ.ഐ.എ നിയമപരമായി നടത്താനുള്ള ദേശീയ അക്രെഡിറ്റേഷനില്ല, 2007 ലെ വാളംകോട് ദുരന്തത്തിന്റെയും 2024 ലെ ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തിന്റെയും ഡേറ്റകള്‍ സംയോജിപ്പിച്ചുള്ള പഠനം ഇ.ഐ.എയിലുണ്ടായില്ല, പാറപൊട്ടിക്കല്‍, ഭാരമേറിയ ടണല്‍ ബോറിങ് മെഷീനുകളുടെ ഉപയോഗം എന്നിവയുടെ സ്വാധീനമെങ്ങനെയെന്ന് റിപ്പോര്‍ട്ടിലില്ല തുടങ്ങിയ കാര്യങ്ങള്‍ ക്രമക്കേടുകളായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തുരങ്കപാതയിലൂടെ ഭാരമേറിയ വാഹനങ്ങളുടെ അടിക്കടിയുള്ള സഞ്ചാരം പരമ്പരാഗത ആനത്താരകളെ തടസപ്പെടുത്തുകയും അതുവഴി മനുഷ്യ-വന്യജീവി സംഘര്‍ഷം കൂടുകയും ചെയ്യും. പാരിസ്ഥിതികാഘാത ലഘൂകരണം തടയാന്‍ പരിസ്ഥിതി മാനേജ്മെന്റ് പ്ലാനിലേക്ക് കരാര്‍ കമ്പനി നീക്കിവെച്ച 1.02 കോടിയുടെ വിഹിതം 15.04 കോടിയാക്കാന്‍ സംസ്ഥാന പാരിസ്ഥിതികാഘാത പഠന അതോറിറ്റി നിര്‍ദേശിച്ചത് ഇ.ഐ.എ യഥാര്‍ഥമല്ലെന്നതിന് തെളിവാണ്.
2019 ല്‍ ദുരന്തമുണ്ടായ പുത്തുമലയോടും മുണ്ടക്കൈ-ചൂരല്‍മലയോടും ചേര്‍ന്നുള്ള പശ്ചിമഘട്ടത്തിലെ അതിദുര്‍ബല പ്രദേശമായിട്ടും അനുമതിക്കാര്യത്തില്‍ അതൊന്നും കണക്കിലെടുത്തില്ലെന്നും സംഘടന ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.