'എന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ 1000 മിസൈലുകള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്': ഇറാന് മുന്നറിയിപ്പുമായി ട്രംപ്

'എന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ 1000 മിസൈലുകള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്': ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ട്രംപ്. 'എന്നെ വധിക്കാന്‍ ഇറാന്‍ ശ്രമിച്ചാല്‍ ആ രാജ്യത്തെ ലക്ഷ്യമിട്ട് 1000 മിസൈലുകള്‍ സജ്ജമാണ്. അത്തരമൊരു നീക്കമുണ്ടായാല്‍ ഇറാനെതിരെ വന്‍ സൈനിക ആക്രമണം നടത്താന്‍ യുഎസ് സൈന്യത്തിന് മുന്‍കൂട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്' - ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇറാനെ പൂര്‍ണമായും തകര്‍ക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സൈന്യത്തിന് നേരത്തേ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ ട്രംപ് ഒരു വര്‍ഷത്തേക്ക് ആ നിര്‍ദേശം പ്രാബല്യത്തിലായിരിക്കുമെന്നും ആവശ്യമെങ്കില്‍ അത് ദീര്‍ഘിപ്പിക്കുമെന്നും വ്യക്തമാക്കി.

ട്രംപിനെ വധിക്കാന്‍ ഇറാന്‍ പുതിയ പദ്ധതി ആസൂത്രണം ചെയ്തെന്ന രഹസ്യാന്വേഷണവിവരം ഇസ്രയേല്‍ അമേരിക്കയ്ക്ക് കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈയാഴ്ചയാണ് ഇസ്രയേല്‍ ഇതുസംബന്ധിച്ച് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ട്രംപ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. തന്നെ വധിക്കാന്‍ ഇറാന്‍ പുതിയ ഗൂഢാലോചന നടത്തുന്നുവെന്ന രഹസ്യ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അദേഹം പറയുന്നത്. അതേസമയം ഏറെക്കാലമായി ഇറാന്റെ പട്ടികയില്‍ താന്‍ ഒന്നാം സ്ഥാനത്തുണ്ടെന്ന് അദേഹം അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്.

2020 ല്‍ ട്രംപിന്റെ നിര്‍ദേശ പ്രകാരം അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനി ബാഗ്ദാദിനടുത്ത് കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആയത്തുള്ള അലി ഖൊമേനിയുടെ സംസ്‌കാര ചടങ്ങില്‍ ട്രംപിനെ ഇല്ലാതാക്കണം എന്നാവശ്യപ്പെട്ട് ആഹ്വാനങ്ങളും മുറവിളികളും ഉയര്‍ന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.