സിനിമാ സെറ്റില്‍ വച്ച് പ്രാണിയുടെ കടിയേറ്റു: പ്രമുഖ ബോളിവുഡ് താരം രാജേഷ് ശര്‍മ്മ ഗുരുതരാവസ്ഥയില്‍

സിനിമാ സെറ്റില്‍ വച്ച് പ്രാണിയുടെ കടിയേറ്റു: പ്രമുഖ ബോളിവുഡ് താരം രാജേഷ് ശര്‍മ്മ ഗുരുതരാവസ്ഥയില്‍

ഹൈദരാബാദ്: പ്രമുഖ ബോളിവുഡ് താരം രാജേഷ് ശര്‍മ്മ ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്‍ പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദേഹത്തെ കൊല്‍ക്കത്തയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം കാടുകള്‍ നിറഞ്ഞ ഭാഗത്ത് ടെക്നീഷ്യന്മാരുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് അദേഹത്തിന് കടിയേറ്റത്. ഏതെങ്കിലും വിഷപ്രാണിയോ ചിലന്തിയോ ആകാം കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആദ്യം സംഭവം കാര്യമാക്കാതിരുന്ന രാജേഷ് ശര്‍മ്മ പിന്നീട് കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ സംഭവത്തിന് ആറ് മണിക്കൂറിന് ശേഷം വലതുകാലില്‍ കടുത്ത വേദനയും വീക്കവും അനുഭവപ്പെടുകയും ശ്വാസതടസം നേരിടുകയും ചെയ്തു. അണുബാധ കാലില്‍ നിന്നും മുട്ടുവരെ വേഗത്തില്‍ പടര്‍ന്നതിനെ തുടര്‍ന്നാണ് ഉടന്‍ തന്നെ അദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

നടി സുദീപാ ചാറ്റര്‍ജിയാണ് രാജേഷ് ശര്‍മ്മയുടെ കുടുംബത്തിന് വേണ്ടി അദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി വിശദീകരിച്ച് മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കിയത്. അദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യാഴാഴ്ച പുറത്തുവിടുമെന്ന് അവര്‍ അറിയിച്ചു. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന ഫൗസി, സന്ദീപ് റെഡ്ഡി വാംഗയുടെ സ്പിരിറ്റ് എന്നിവയാണ് റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുന്ന പ്രഭാസ് ചിത്രങ്ങള്‍. ഇതില്‍ ഏതിന്റെ സെറ്റില്‍ വച്ചാണ് അദേഹത്തിന് അപകടമുണ്ടായതെന്ന് വ്യക്തമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.