ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ തീവ്രവാദ പ്രവത്തനങ്ങളുടെ പേരിലും മ്യാന്‍മറിലെ വിഘടന വാദികള്‍ക്ക് സൈനിക പരിശീലനം നല്‍കിയതിനും എന്‍ഐഎ അറസ്റ്റ് ചെയ്ത യു.എസ് പൗരന്‍ മാത്യു വാന്‍ഡൈക്ക് തിഹാര്‍ ജയിലിലെ ഭക്ഷണ രീതികള്‍ക്കെതിരെ ഡല്‍ഹി കോടതിയെ സമീപിച്ചു.
ജയിലില്‍ നല്‍കുന്ന എണ്ണമയമുള്ളതും എരിവേറിയതുമായ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്നും തനിക്ക് സ്വന്തമായി പാചകം ചെയ്യാന്‍ പ്രത്യേക അടുക്കളയും ഇന്‍ഡക്ഷന്‍ കുക്കറും അനുവദിക്കണമെന്നുമാണ് ഇയാളുടെ ആവശ്യം. തനിക്ക് ജയില്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതിനാല്‍ കഴിഞ്ഞ 50 ദിവസമായി നിരാഹാരത്തിലാണെന്നും ഇതിനോടകം 14 കിലോയോളം ഭാരം കുറഞ്ഞെന്നുമാണ് മാത്യു പട്യാല ഹൗസ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. പോഷകാഹാരക്കുറവ് മൂലം തന്റെ കാഴ്ചശക്തി മങ്ങാന്‍ തുടങ്ങിയെന്നും, പ്രതിരോധശേഷിയും സ്റ്റാമിനയും പൂര്‍ണ്ണമായി നശിച്ചെന്നും ഇയാള്‍ വാദിക്കുന്നു.
മാനുഷിക പരിഗണന മുന്‍നിര്‍ത്തി ജയിലിനുള്ളില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഇയാളുടെ ആവശ്യം. പാചകത്തിന് ആവശ്യമായ സാധനങ്ങളുടെയും ഉപകരണങ്ങളുടെയും മുഴുവന്‍ ചെലവും തന്റെ കുടുംബം വഹിച്ചുകൊള്ളുമെന്നും മാത്യു കോടതിയെ അറിയിച്ചു.
അതേസമയം ഒരു തടവുകാരന്‍ ജയിലില്‍ ആവശ്യപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് കണ്ട് ജയില്‍ അധികൃതര്‍ പോലും ഞെട്ടി. ചുവന്ന മാംസം (ബീഫ്/മട്ടണ്‍), ചിക്കന്‍, ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മത്സ്യം, പാസ്ത, നൂഡില്‍സ്, ഒലിവ് ഓയില്‍, ബ്രെഡ്, വെണ്ണ, ടോണ്‍ഡ് മില്‍ക്ക്, സോയ മില്‍ക്ക്, കുപ്പിവെള്ളം എന്നിവ ജയിലില്‍ സൂക്ഷിക്കാന്‍ അനുവദിക്കണമെന്നാണ് യു.എസ് പൗരന്റെ ആവശ്യം. ഒപ്പം ഇന്‍ഡക്ഷന്‍ കുക്കറും പാത്രങ്ങളും നല്‍കണം. മാത്യുവിന്റെ ഈ വിചിത്ര ആവശ്യത്തില്‍ കോടതി ജയില്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. കേസ് ജൂലൈ 21 ലേക്ക് മാറ്റി.
ആരാണ് ഈ മാത്യു വാന്‍ഡൈക്ക് ?
കേവലം ഒരു വിദേശ ടൂറിസ്റ്റല്ല മാത്യു. അസം, മിസോറാം എന്നി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടന വാദികള്‍ക്കും അതിര്‍ത്തി കടന്ന് മ്യാന്‍മറിലെ വംശീയ സായുധ ഗ്രൂപ്പുകള്‍ക്കും സൈനിക പരിശീലനവും അത്യാധുനിക ആയുധങ്ങളും എത്തിച്ച് നല്‍കിയ അന്താരാഷ്ട്ര കൂലിപ്പട്ടാളക്കാരനാണ് ഇയാള്‍. 14 ഉക്രെയ്ന്‍ പൗരന്മാര്‍ക്കൊപ്പം ടൂറിസ്റ്റ് വിസയിലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് അതിര്‍ത്തി കടന്ന് വിഘടന വാദികള്‍ക്ക് എകെ-47 റൈഫിളുകളിലും ഡ്രോണുകളിലും പരിശീലനം നല്‍കുകയായിരുന്നു.
യൂറോപ്പിലെ വന്‍കിട ആയുധ മാഫിയകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. കഴിഞ്ഞ മാര്‍ച്ച് 13 ന് കൊല്‍ക്കത്ത വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മാത്യുവും മറ്റ് ആറ് ഉക്രെയ്ന്‍ സ്വദേശികളും എന്‍ഐഎയുടെ പിടിയിലാകുന്നത്. രാജ്യ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന അതീവ ഗുരുതരമായ തീവ്രവാദ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
തീവ്രവാദക്കേസിലെ പ്രതി ജയിലില്‍ ആഡംബര പാചകത്തിന് അനുമതി ചോദിച്ച വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.