കൊല്ലപ്പെട്ടെന്ന് കരുതിയ ഐഎസിസിന്റെ ഡോ. ജിഹാദ് ഇറാഖ് ജയിലിൽ; ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ അനുമതിയില്ല

കൊല്ലപ്പെട്ടെന്ന് കരുതിയ ഐഎസിസിന്റെ ഡോ. ജിഹാദ് ഇറാഖ് ജയിലിൽ; ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ അനുമതിയില്ല

ബാഗ്ദാദ്: കൊല്ലപ്പെട്ടെന്ന് ലോകം കരുതിയിരുന്ന ഐഎസിസിന്റെ ‘ഡോ. ജിഹാദ്’ എന്നറിയപ്പെടുന്ന താരിഖ് കംലെഹ് ജീവനോടെയുണ്ടെന്ന് റിപ്പോർട്ട്. ഇറാഖിലെ ബാഗ്ദാദിലുള്ള അതീവ സുരക്ഷാ ജയിലിലെ ഇറാഖ് ഭീകരവിരുദ്ധ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് ഇയാൾ ഇപ്പോൾ കഴിയുന്നത്.

2017 ൽ സിറിയയിലെ റഖ യുദ്ധത്തിൽ കംലെഹ് കൊല്ലപ്പെട്ടെന്നായിരുന്നു ഐഎസിസ് അനുയായികളുടെ പ്രചാരണം. എന്നാൽ ഇത് തെറ്റാണെന്നാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്.

ഓസ്ട്രേലിയയിൽ ശിശുരോഗ വിദഗ്ധനായിരുന്ന കംലെഹ് ജോലിക്ക് പോകുകയാണെന്ന് വിശ്വസിപ്പിച്ചാണ് രാജ്യം വിട്ടത്. തുടർന്ന് മലേഷ്യയും തുർക്കിയും വഴി സിറിയയിലെത്തി ഐഎസിസിൽ ചേരുകയായിരുന്നു.

2015 ൽ ശസ്ത്രക്രിയാ വസ്ത്രം ധരിച്ച് കുഞ്ഞുങ്ങളെ കൈയിലെടുത്ത് ഐഎസിസിന്റെ പ്രചാരണ വീഡിയോകളിൽ ഇയാൾ പ്രത്യക്ഷപ്പെടുകയും മറ്റ് ഡോക്ടർമാരും ഐഎസിസിൽ ചേരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതോടെയാണ് ഡോ. ജിഹാദ് എന്ന പേരിൽ കുപ്രസിദ്ധനായത്. 2017 ന് ശേഷവും രണ്ട് വർഷത്തോളം ഐഎസിസിനൊപ്പം ഫീൽഡ് ഡോക്ടറായി പ്രവർത്തിച്ച കംലെഹ് 2019 ലാണ് പിടിയിലായത്.

ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഐഎസിസ് ബന്ധമുള്ള 13 പേരിൽ ഒരാളാണ് കംലെഹെന്ന് ദി ഓസ്ട്രേലിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കംലെഹിനെ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ വ്യക്തമാക്കി.

ഭീകരസംഘടനയിൽ സ്വമേധയാ ചേർന്നവരെ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടില്ലെന്ന് ഫെഡറൽ പരിസ്ഥിതി മന്ത്രി മറി വാട്ട് വ്യക്തമാക്കി. ഭവനകാര്യ മന്ത്രി ക്ലെയർ ഒ നീൽ കൂടുതൽ കടുത്ത നിലപാടാണ് സ്വീകരിച്ചത്. അയാൾ ഒരിക്കലും ഓസ്ട്രേലിയയിലേക്ക് മടങ്ങരുത്. ഭീകരസംഘടനയിൽ ചേർന്ന തീരുമാനത്തിന് അയാൾ തന്നെയാണ് ഉത്തരവാദിയെന്ന് മന്ത്രി പ്രതികരിച്ചു.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.