ശമ്പളക്കമ്മിഷന്‍ പൂട്ടു വീഴുന്ന അവസ്ഥയില്‍; തീരുമാനം വൈകുന്നു, പ്രതിസന്ധിയില്‍ ജീവനക്കാര്‍

ശമ്പളക്കമ്മിഷന്‍ പൂട്ടു വീഴുന്ന അവസ്ഥയില്‍; തീരുമാനം വൈകുന്നു, പ്രതിസന്ധിയില്‍ ജീവനക്കാര്‍

തിരുവനന്തപുരം: പുതിയ ഭരണമാറ്റത്തെ തുടര്‍ന്ന് 12-ാം ശമ്പളക്കമ്മിഷന്റെ ഭാവി കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനെ തുടര്‍ന്ന് ഓഫിസ് പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലാവസ്ഥയിലാണ്. കമ്മിഷന്റെ കാലാവധി നീട്ടാനോ അല്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനോ ഔദ്യോഗിക ഉത്തരവുകള്‍ ഇല്ലാത്തതിനാല്‍ ഓഫിസിലേക്ക് നിയമിച്ച 14 ജീവനക്കാര്‍ മാസങ്ങളായി പണിയൊന്നുമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഡോ. വി.പി ജോയി അധ്യക്ഷനായി 12-ാം ശമ്പളക്കമ്മിഷനെ നിയമിച്ചത്. ഫെബ്രുവരി 23 ന് നിലവില്‍ വന്ന കമ്മിഷന് നല്‍കിയിരുന്ന മൂന്ന് മാസത്തെ കാലാവധി മെയ് അവസാനത്തോടെ പൂര്‍ത്തിയായി. കാലാവധി ആറ് മാസം കൂടി നീട്ടി നല്‍കണമെന്ന് കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പും തുടര്‍ന്നുള്ള ഭരണമാറ്റവും ഉണ്ടാകുന്നത്. മെയ് 18 ന് അധികാരമേറ്റ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ തല്‍കാലം ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലാണ്.

കമ്മിഷന്റെ പ്രവര്‍ത്തനം തുടരണോ എന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഉത്തരവുകളൊന്നും പുറത്തിറങ്ങിയിട്ടില്ല. കമ്മിഷന്‍ റിപ്പോര്‍ട്ട് സ്വീകരിച്ച് ശുപാര്‍ശകള്‍ അംഗീകരിച്ചാല്‍ വൈകിയാണെങ്കിലും ശമ്പളപരിഷ്‌കരണം നടപ്പാക്കേണ്ടി വരുമെന്നത് സര്‍ക്കാരിന് വലിയ സാമ്പത്തിക ഭാരമാകും. എന്നാല്‍ ഔദ്യോഗികമായി പ്രവര്‍ത്തനം നിര്‍ത്തലാക്കിയാല്‍ ജീവനക്കാരുടെ സംഘടനകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.

അതിനിടെ കാലാവധി പൂര്‍ത്തിയായതോടെ അധ്യക്ഷനും അംഗങ്ങളും ഓഫീസില്‍ എത്തുന്നത് നിര്‍ത്തിയിരിക്കുകയാണ്. കമ്മിഷനായി അനുവദിച്ചിരുന്ന ഔദ്യോഗിക വാഹനം പോലും വാടകയിനത്തില്‍ ആരാണ് പണം നല്‍കുക എന്ന അനിശ്ചിതത്വം കാരണം തിരിച്ചയച്ചു. സെക്രട്ടേറിയറ്റില്‍ നിന്നുള്ള അഡീഷണല്‍ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ള 14 ജീവനക്കാരെ ഇതുവരെ മാതൃ വകുപ്പുകളിലേക്ക് തിരികെ വിളിക്കുകയോ തുടര്‍ നടപടികളെക്കുറിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ല.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍വീസ് സംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങിയായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ അവസാന നിമിഷത്തില്‍ 12-ാം ശമ്പളക്കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് 11-ാം ശമ്പളക്കമ്മിഷന്റെ ശുപാര്‍ശകള്‍ 2021 ഏപ്രിലിലാണ് സര്‍ക്കാര്‍ അംഗീകരിച്ച് 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.