‘അത്ഭുത ബാലിക’ ഇനി ദൈവസന്നിധിയില്‍; അമേരിക്കയിലെ ആദ്യ വിശുദ്ധയുടെ വിശുദ്ധ പദവിക്ക് വഴിയൊരുക്കിയ ആന്‍സ് തെരേസ ഒനീല്‍ നിര്യാതയായി

‘അത്ഭുത ബാലിക’ ഇനി ദൈവസന്നിധിയില്‍; അമേരിക്കയിലെ ആദ്യ വിശുദ്ധയുടെ വിശുദ്ധ പദവിക്ക് വഴിയൊരുക്കിയ ആന്‍സ് തെരേസ ഒനീല്‍ നിര്യാതയായി

വാഷിങ്ടൺ: അമേരിക്കയിലെ ആദ്യ വിശുദ്ധയായ എലിസബത്ത് ആന്‍ സെറ്റണിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന് ദൈവനിയോഗമായി മാറിയ ആന്‍സ് തെരേസ ഒനീല്‍ (78) നിര്യാതയായി. ഏഴ് പതിറ്റാണ്ടിലേറെക്കാലം ദൈവകരുണയുടെയും മാധ്യസ്ഥ പ്രാര്‍ത്ഥനയുടെയും ജീവിക്കുന്ന അടയാളമായാണ് ആന്‍സ് തെരേസ ജീവിച്ചത്.

1952 ല്‍ നാലാം വയസിലാണ് മേരിലാന്‍ഡ് ബാള്‍ട്ടിമോര്‍ സ്വദേശിയായ ആന്‍സ് തെരേസയ്ക്ക് മാരകമായ രക്താര്‍ബുദം (ലുക്കീമിയ) സ്ഥിരീകരിക്കുന്നത്. വൈദ്യശാസ്ത്രം പൂര്‍ണമായും കൈവിട്ട ആ സങ്കടഘട്ടത്തില്‍, ആശുപത്രി വാര്‍ഡിലെ സൂപ്പര്‍വൈസറായിരുന്ന സിസ്റ്റര്‍ മേരി ആലീസ് ഫൗളറുടെ നിര്‍ദ്ദേശപ്രകാരമാണ് കുടുംബം എലിസബത്ത് ആന്‍ സെറ്റണിന്റെ മാധ്യസ്ഥം തേടിയത്. വിശുദ്ധയുടെ തിരുശേഷിപ്പ് കുട്ടിയുടെ വസ്ത്രത്തില്‍ പിന്‍ ചെയ്ത് നിരന്തരം പ്രാര്‍ത്ഥനകള്‍ മാതാപിതാക്കൾ ഏറ്റെടുത്തു.

തുടര്‍ന്ന് ദുഖ വെള്ളിയാഴ്ച ആരോഗ്യനില തീര്‍ത്തും വഷളായെങ്കിലും, ഡോക്ടര്‍മാരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് മാതാപിതാക്കള്‍ അവളെ എമ്മിറ്റ്സ്ബര്‍ഗിലുള്ള എലിസബത്ത് ആന്‍ സെറ്റണിന്റെ കല്ലറയ്ക്കരികിലേക്ക് കൊണ്ടുപോയി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ തിരിച്ചെത്തി നടത്തിയ വൈദ്യപരിശോധനയില്‍ വൈദ്യശാസ്ത്രത്തെപോലും അമ്പരപ്പിച്ചുകൊണ്ട് ഈസ്റ്റര്‍ തിങ്കളാഴ്ചയോടെ അവളുടെ ബ്ലഡ് കൗണ്ട് പൂര്‍ണമായും സാധാരണ നിലയിലേക്ക് എത്തി. പിന്നീട് കാന്‍സറിന്റെ ഒരു ലക്ഷണവും അവളുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല.

ഈ അത്ഭുത സൗഖ്യം വത്തിക്കാന്‍ സൂക്ഷ്മമായി പരിശോധിച്ച് അംഗീകരിച്ചതോടെയാണ് എലിസബത്ത് ആന്‍ സെറ്റണിന്റെ വിശുദ്ധ പദവി പ്രഖ്യാപനം സാധ്യമായത്. 1975 സെപ്റ്റംബര്‍ 14 ന് പോള്‍ ആറാമൻ മാർപാപ്പ റോമില്‍ വെച്ച് എലിസബത്ത് ആന്‍ സെറ്റണിനെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങില്‍ ആന്‍സ് തെരേസയും സന്നിഹിതയായിരുന്നു.

തനിക്ക് ലഭിച്ച ദിവ്യസൗഖ്യത്തെക്കുറിച്ച് ആരെങ്കിലും ചോദിക്കുമ്പോഴൊക്കെ സ്വന്തം അത്ഭുതത്തെക്കുറിച്ചല്ല മറിച്ച് അമ്മയുടെ അടിയുറച്ച വിശ്വാസത്തെയും വിശുദ്ധ സെറ്റണിന്റെയും ഈശോയുടെയും നന്മകളെക്കുറിച്ചു മാത്രമാണ് ആന്‍സ് സംസാരിച്ചിരുന്നതെന്ന് നാഷണല്‍ ഷ്രൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോബ് ജഡ്ജ് അനുസ്മരിച്ചു.

ജൂലൈ 25 ന് എമ്മിറ്റ്സ്ബര്‍ഗിലെ ബസിലിക്ക ഓഫ് ദി നാഷണല്‍ ഷ്രൈന്‍ ഓഫ് സെന്റ് എലിസബത്ത് ആന്‍ സെറ്റണില്‍ വെച്ച് ബാള്‍ട്ടിമോര്‍ ആര്‍ച്ച് ബിഷപ്പ് വില്യം ഇ. ലോറിയുടെ കാര്‍മ്മികത്വത്തില്‍ സംസ്കാര ശുശ്രൂഷകൾ നടന്നു. തുടര്‍ന്ന് തീര്‍ത്ഥാടന കേന്ദ്രത്തിന്റെ അങ്കണത്തില്‍ ഭൗതികശരീരം സംസ്കരിച്ചു. ദൈവകൃപയുടെ വലിയ അടയാളമായി ആന്‍സ് തെരേസയുടെ ഓര്‍മ്മകള്‍ അമേരിക്കന്‍ കത്തോലിക്കാ സഭയുടെ മനസില്‍ എന്നും നിറഞ്ഞുനില്‍ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.