അമരാവതി: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ചാല്‍ മതിയെന്നും തെലങ്കാന പൊതുജനാരോഗ്യ ഡയറക്ടര്‍ ഡോ. ബി രവീന്ദര്‍ നായികും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പും വ്യക്താമാക്കി.
കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സീസണല്‍ വര്‍ധനവ് മാത്രമാണിതെന്നും കഴിഞ്ഞ വര്‍ഷങ്ങളിലും സമാനമായ രീതിയില്‍ ഈ സമയത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നിരുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. രോഗ തീവ്രത വര്‍ധിക്കുന്നതായി ഇതുവരെ യാതൊരു ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി, വിശാഖ പട്ടണം, കഡപ്പ തുടങ്ങിയ ജില്ലകളില്‍ നിന്നാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോവിഡ് പോസിറ്റീവാകുന്നവരില്‍ വയോജനങ്ങളും പ്രമേഹം, അമിത രക്തസമര്‍ദ്ദം, വൃക്ക രോഗങ്ങള്‍ തുടങ്ങിയ മറ്റ് അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കാനും രോഗ ലക്ഷണങ്ങളുള്ളവരില്‍ നിന്ന് അകലം പാലിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
ഏത് സാഹചര്യവും നേരിടാന്‍ ആശുപത്രികളും ആരോഗ്യ രംഗവും സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആവശ്യമായ കോവിഡ് ടെസ്റ്റിങ് കിറ്റുകള്‍, മരുന്നുകള്‍, പ്രത്യേക കോവിഡ് വാര്‍ഡുകള്‍, പി.പി.ഇ കിറ്റുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ സാമഗ്രികള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ സ്ഥിരീകരിച്ച രോഗബാധിതരില്‍ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഒമിക്രോണ്‍ ആര്‍എഫ്.5 ഉപവകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഒമിക്രോണ്‍ വൈറസിന്റെ ജെഎന്‍.1 ശ്രേണിയില്‍ നിന്ന് സ്വാഭാവികമായി പരിണമിച്ചുണ്ടായ ഒരു ഉപവകഭേദമാണ് ആര്‍എഫ്.5. ലോകാരോഗ്യ സംഘടനയുടെ ജനിതക നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി നിലവില്‍ ഈ വകഭേദത്തെ നിരീക്ഷിച്ചു വരുന്നുണ്ട്. സിംഗപ്പൂര് ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആര്‍എഫ്.5 കേസുകള്‍ കൂടുതല്‍ തോതില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.