ജറുസലേം: 2030 ൽ നടക്കാനിരിക്കുന്ന യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരാം വാർഷികാഘോഷങ്ങൾക്കായി (മഹാ ജൂബിലി) ഇസ്രയേലും ജോർദാനും തയ്യാറെടുപ്പുകൾ ഔദ്യോഗികമായി ആരംഭിച്ചു. ലോകമെമ്പാടുമുള്ള ഇരുനൂറുകോടിയിലധികം വരുന്ന ക്രൈസ്തവർക്ക് അഗാധമായ ആത്മീയ പ്രാധാന്യമുള്ള ഈ നാഴികക്കല്ല് വിപുലമായി കൊണ്ടാടാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.
ആഘോഷങ്ങളുടെ ഭാഗമായി ആഗോള ക്രൈസ്തവ സമൂഹവുമായി ബന്ധപ്പെടുന്നതിനായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രത്യേക കർമസമിതിക്ക് രൂപം നൽകി. വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ, അംബാസഡർ ജോർജ് ഡീക്ക് എന്നിവരുടെ നേതൃത്വത്തിലാണ് സമിതിയുടെ പ്രവർത്തനം.
ലോകമെമ്പാടുമുള്ള സഭകളുമായും ക്രൈസ്തവ നേതാക്കളുമായും ചർച്ചകൾ നടത്തുന്നതിനും ലക്ഷക്കണക്കിന് തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ജോർദാൻ നദിയിലെ ജ്ഞാനസ്നാന സ്ഥലം വർഷം തോറും ലക്ഷക്കണക്കിന് തീർത്ഥാടകരെ ആകർഷിക്കാറുണ്ട്. അംബാസഡർ ജോർജ് ഡീക്കിന്റെ നേതൃത്വത്തിലുള്ള പുതിയ ഇസ്രയേൽ സംരംഭത്തിലൂടെ കൂടുതൽ തീർത്ഥാടകർ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇസ്രയേലിന് പുറമെ ജോർദാനും 2030 ലെ വാർഷികാഘോഷങ്ങൾക്കായുള്ള വികസന പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം ആദ്യം ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവ് കത്തോലിക്കാ, ഓർത്തഡോക്സ് സഭകളിലെ പ്രമുഖ നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരുന്നു.
ഇസ്രയേൽ ഭാഗത്തുള്ള 'ഖസർ എൽ-യഹൂദ്' എന്ന വിശുദ്ധ സ്ഥലത്തിന് നേരെ എതിർവശത്താണ് ജോർദാനിലെ ജ്ഞാനസ്നാന സ്ഥലം സ്ഥിതി ചെയ്യുന്നത്. തീർത്ഥാടകർക്കായുള്ള സേവനങ്ങൾ വിപുലീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതികൾക്കാണ് ജോർദാൻ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.