രാജ്യം പുകഞ്ഞ നീറ്റ് വിവാദം: എട്ട് വര്‍ഷം മുന്‍പത്തെ രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു

രാജ്യം പുകഞ്ഞ നീറ്റ് വിവാദം: എട്ട് വര്‍ഷം മുന്‍പത്തെ രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെയും ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ എട്ട് വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കുവെച്ച സോഷ്യല്‍ മീഡിയ കുറിപ്പ് വീണ്ടും രാഷ്ട്രീയ വൃത്തങ്ങളിലും ഡിജിറ്റല്‍ ഇടങ്ങളിലും സജീവ ചര്‍ച്ചയാകുന്നു. 2018 മാര്‍ച്ച് 29 നാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ തകര്‍ച്ചയെക്കുറിച്ചും പരീക്ഷാ ചോര്‍ച്ചകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് രാഹുല്‍ ഗാന്ധി പോസ്റ്റ് പങ്കുവെച്ചത്.

പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ പ്രതീക്ഷകളെയും ഭാവിയെയുമാണ് ഇല്ലാതാക്കുന്നതെന്ന് അന്ന് അദേഹം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ഭരണഘടനാ സ്ഥാപനങ്ങളെ എപ്പോഴും സംരക്ഷിച്ച് പോന്നിട്ടുണ്ടെന്നും എന്നാല്‍ ആര്‍.എസ്.എസ്, ബി.ജെ.പി കൂട്ടുകെട്ട് ഈ സ്ഥാപനങ്ങളെ തകര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ദുരന്തത്തിന്റെ തുടക്കം മാത്രമാണിതെന്നും അന്ന് അദേഹം കുറിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം നീറ്റ് വിവാദം കത്തിപ്പടരുകയും തെരുവുകളില്‍ പ്രതിഷേധം അണപൊട്ടുകയും ചെയ്യുമ്പോള്‍, അന്ന് രാഹുല്‍ പറഞ്ഞ വാക്കുകള്‍ കേവലം ഒരു രാഷ്ട്രീയ പ്രസ്താവനയായിരുന്നില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

നീറ്റ് ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യാപകമായ പ്രക്ഷോഭങ്ങളാണ് ഉയര്‍ന്നുവന്നത്. വിദ്യാര്‍ഥി സംഘടനയായ സി.ജെ.പി ആരംഭിച്ച ശക്തമായ സമരത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്ന സാഹചര്യവുമുണ്ടായി. കേന്ദ്രമന്ത്രി രാജി വെച്ചതോടെ സി.ജെ.പി താല്‍കാലികമായി സമരം അവസാനിപ്പിച്ചെങ്കിലും, വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദ്യാര്‍ഥികളോട് പരസ്യമായി മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചുവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ പാര്‍ലമെന്റിലും ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.