ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തി വന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചതായി കോക്രോച്ച് ജനതാ പാര്‍ട്ടി അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായി മൂന്ന് ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയില്‍ തങ്ങള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കപ്പെട്ടതോടെയാണ് സമരരംഗത്ത് നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്ന കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി സര്‍ക്കാര്‍ നടപ്പിലാക്കിയതായി സി.ജെ.പി ദേശീയ വക്താവ് അഷുതോഷ് രങ്ക ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷാ തര്‍ക്കങ്ങളെത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാനും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ഈ ധനസഹായം ലഭ്യമാക്കാനും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സമരം വിജയകരമായി അവസാനിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും സമാധാനപരമായി മടങ്ങിപ്പോകണമെന്ന് അഷുതോഷ് രങ്ക അഭ്യര്‍ത്ഥിച്ചു.
വിശാലമായ വിദ്യാഭ്യാസ-പരീക്ഷാ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ട് അഞ്ച് പ്രധാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിന്മേല്‍ നാലാഴ്ചയ്ക്കുള്ളില്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ എഫ്.ഐ.ആറുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി സി.ജെ.പി ചീഫ് സ്‌പോക്‌സ് പേഴ്‌സണ്‍ സൗരവ് ദാസ് അറിയിച്ചു.
കേസുകളുടെ വിവരങ്ങള്‍ കൈമാറുന്ന മുറയ്ക്ക് പിന്‍വലിക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.