വീസ ചട്ടലംഘനവും വ്യാപക ഭിക്ഷാടനവും: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 22,000 പാക്കിസ്ഥാനികളെ നാടുകടത്തി; ആഗോളതലത്തില്‍ വീണ്ടും നാണംകെട്ട് പാക്കിസ്ഥാന്‍

 വീസ ചട്ടലംഘനവും വ്യാപക ഭിക്ഷാടനവും: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 22,000 പാക്കിസ്ഥാനികളെ നാടുകടത്തി; ആഗോളതലത്തില്‍ വീണ്ടും നാണംകെട്ട് പാക്കിസ്ഥാന്‍

ഇസ്ലമാബാദ്: നിത്യച്ചെലവുകള്‍ക്കായി അന്താരാഷ്ട്ര നാണയനിധിയുടെയും വിവിധ വിദേശ രാജ്യങ്ങളുടെയും സഹായ പാക്കേജുകള്‍ക്കായി കൈനീട്ടുന്ന പാക്കിസ്ഥാന് ആഗോളതലത്തില്‍ വീണ്ടും കനത്ത തിരിച്ചടിയും നാണക്കേടും. വീസ ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യങ്ങളില്‍ തങ്ങുകയും വ്യാപകമായി ഭിക്ഷാടനം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 22,000 ത്തില്‍ അധികം പാക്കിസ്ഥാനികളെ നാടുകടത്തി. ഈ വര്‍ഷം മാര്‍ച്ച് ഒന്നിനും ജൂലൈ 13 നും ഇടയിലുള്ള ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ മാത്രം സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ടവരുടെ കണക്കാണിതെന്ന് പാക്കിസ്ഥാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി ഡോ. താരിഖ് ഫസല്‍ പാര്‍ലമെന്റിനെ ഔദ്യോഗികമായി അറിയിച്ചു.

പാര്‍ലമെന്റംഗം ഹമീദ് ഹുസൈന്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ഈ നാണംകെട്ട യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയത്. ഗള്‍ഫ് നാടുകളില്‍ നിന്ന് നാടുകടത്തപ്പെട്ടവരില്‍ സിംഹ ഭാഗവും സൗദി അറേബ്യയില്‍ നിന്നുള്ളവരാണ്. 15,495 പാക്കിസ്ഥാനികളെയാണ് സൗദി മാത്രം തിരിച്ചയച്ചത്. തൊട്ടുപിന്നിലുള്ള യു.എ.ഇ 3,802 പേരെ നാടുകടത്തി. കൂടാതെ ബഹ്‌റിന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് 521 പേരെ വീതവും ഖത്തറില്‍ നിന്ന് 429 പേരെയും കുവൈറ്റില്‍ നിന്ന് 97 പേരെയും തിരിച്ചയച്ചിട്ടുണ്ട്. ഇതില്‍ 4,628 പേര്‍ പിടിക്കപ്പെടാതിരിക്കാന്‍ ഒളിവില്‍ കഴിഞ്ഞവരും 1,294 പേര്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചവരുമാണ്. 968 പേര്‍ കരിമ്പട്ടികയില്‍ പെട്ടവരും 689 പേര്‍ വീസ കാലാവധി ലംഘിച്ചവരുമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

തീര്‍ഥാടന വീസയിലും മറ്റും വിദേശങ്ങളിലെത്തി തിരിച്ചുപോകാതെ തങ്ങുന്ന പാക്കിസ്ഥാനികള്‍ സംഘടിതമായി ഭിക്ഷാടന രംഗത്തേക്കും വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്കും കടക്കുന്നതായി സൗദി അറേബ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരം തെറ്റായ പ്രവണതകള്‍ തടയാന്‍ പാക്കിസ്ഥാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സൗദി മുന്നറിയിപ്പും നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഭിക്ഷാടനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി 65,000 ത്തോളം പാക്കിസ്ഥാനികളെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നാടുകടത്തിയത്.

വിദേശ രാജ്യങ്ങളില്‍ പിടിയിലാകുന്ന ഭിക്ഷക്കാരില്‍ 90 ശതമാനവും പാക്കിസ്ഥാന്‍ സ്വദേശികളാണെന്ന് 2023 ല്‍ അന്നത്തെ വിദേശകാര്യ സെക്രട്ടറി സുല്‍ഫിക്കര്‍ ഹൈദറും വെളിപ്പെടുത്തിയിരുന്നു. സ്വന്തം രാജ്യത്ത് ഏകദേശം 2.2 കോടിയോളം ആളുകള്‍ ഭിക്ഷാടനം നടത്തി ജീവിക്കുന്നുണ്ടെന്നും ഇവര്‍ പ്രതിവര്‍ഷം 42 ബില്യന്‍ ഡോളര്‍ സമാഹരിക്കുന്നുണ്ടെന്നും പാക് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ പാക്കിസ്ഥാനികളുടെ ഇത്തരം നിഷിദ്ധമായ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഇത്രത്തോളം ഗുരുതരമായി തുടര്‍ന്നാല്‍ വരും നാളുകളില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വീസ നടപടിക്രമങ്ങള്‍ പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ കടുപ്പമേറിയതാകുമെന്ന ശക്തമായ മുന്നറിയിപ്പും പാക് ഭരണകൂടം നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.