ന്യൂഡല്‍ഹി: നാല് വയസില്‍ താഴെയുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ജലദോഷത്തിനും ചുമയ്ക്കുമുള്ള ഫിക്സഡ്-ഡോസ് കോമ്പിനേഷന്‍ മരുന്നുകളും കഫ് സിറപ്പുകളും നല്‍കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കര്‍ശന വിലക്കേര്‍പ്പെടുത്തി. ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ്, ഫെനൈലെഫ്രിന്‍ ഹൈഡ്രോക്ലോറൈഡ് എന്നി രാസ ഘടകങ്ങള്‍ അടങ്ങിയ കോമ്പിനേഷന്‍ മരുന്നുകളുടെ ഉപയോഗത്തിനാണ് പ്രധാനമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെ മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പ് കഴിച്ച് നിരവധി കുട്ടികള്‍ ദാരുണമായി മരണപ്പെട്ട പശ്ചാത്തലത്തിലാണ് പൊതുജനാരോഗ്യം മുന്‍നിര്‍ത്തി കേന്ദ്രത്തിന്റെ ഈ നിര്‍ണായക നടപടി.
കഫ് സിറപ്പുകളില്‍ മധുരത്തിനായി ചേര്‍ക്കുന്ന ഡിഎഥിലിന്‍ ഗ്ലൈക്കോള്‍, എഥിലിന്‍ ഗ്ലൈക്കോള്‍ തുടങ്ങിയ വിഷാംശങ്ങള്‍ കുട്ടികളുടെ വൃക്കകളുടെയും മറ്റ് അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1945 ലെ ഡ്രഗ് റൂള്‍സില്‍ ഭേദഗതി വരുത്തി, ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് നേരിട്ട് കഫ് സിറപ്പുകള്‍ വില്‍പന നടത്തുന്നത് സര്‍ക്കാര്‍ പൂര്‍ണമായും നിരോധിച്ചു. കൂടാതെ നാല് വയസില്‍ താഴെയുള്ള കുട്ടികളില്‍ ഈ മരുന്ന് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നിര്‍മാതാക്കള്‍ പാക്കറ്റുകളിലും ലേബലുകളിലും വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്ന് ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.
സാധാരണയായി കുട്ടികളിലുണ്ടാകുന്ന വൈറല്‍ ചുമയും ജലദോഷവും സ്വാഭാവികമായി തന്നെ ഭേദമാകുന്നവയാണെന്നും മാതാപിതാക്കള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികളുടെ പ്രായവും ഭാരവും കൃത്യമായി പരിശോധിച്ച ശേഷം ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രം മരുന്നുകള്‍ നല്‍കുന്നതാണ് സുരക്ഷിതം. വിപണിയിലുള്ള പഴയതും പുതിയതുമായ സ്റ്റോക്കുകള്‍ പരിശോധിച്ച് ലേബലുകള്‍ അപ്ഡേറ്റ് ചെയ്യാനും നിര്‍മാതാക്കളും റെഗുലേറ്റര്‍മാരും ചേര്‍ന്നുള്ള കൃത്യമായ ഏകോപനം ഉറപ്പാക്കാനും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.