'48 ദിവസത്തെ കണ്ണീരിനൊടുവില്‍ ഇനി അമ്മമണമുള്ള നാളുകള്‍'; ആരവ് ഇനി സ്വന്തം അമ്മയുടെ മാറില്‍ ഉറങ്ങും

'48 ദിവസത്തെ കണ്ണീരിനൊടുവില്‍ ഇനി അമ്മമണമുള്ള നാളുകള്‍'; ആരവ് ഇനി സ്വന്തം അമ്മയുടെ മാറില്‍ ഉറങ്ങും

കോഴിക്കോട്: കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ അമ്മയ്ക്ക് തിരികെ നല്‍കാന്‍ സാമൂഹിക ക്ഷേമ വകുപ്പ് നടപടി ആരംഭിച്ചു. ഡിഎന്‍എ പരിശോധനയുടെ ഭീമമായ തുക അടയ്ക്കാനാകാതെ പ്രതിസന്ധിയിലായ നിര്‍ധനയായ അമ്മയുടെ ദുരിതം വാര്‍ത്തയായതിനെ തുടര്‍ന്നാണ് വനിത ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണയുടെ അടിയന്തര ഇടപെടല്‍. പരിശോധനാ തുക ഈടാക്കാതെ തന്നെ ഡിഎന്‍എ ഫലം അനുകൂലമായാല്‍ കുഞ്ഞിനെ ഉടന്‍ കൈമാറാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സ്വകാര്യ ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികളും കുടുംബത്തിന്റെ പിന്തുണയില്ലായ്മയും കാരണമാണ് മാര്‍ച്ച് നാലിന് പ്രസവിച്ച് എട്ട് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ മുപ്പതുകാരി അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്. ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ ആരവ് എന്ന് പേരിട്ട കുഞ്ഞിനെ, വേര്‍പാടിന്റെ വേദന താങ്ങാനാകാതെ 48 ദിവസങ്ങള്‍ക്ക് ശേഷം അമ്മ തിരികെ ആവശ്യപ്പെടുകയായിരുന്നു. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും പൊലീസും പിന്തുണ നല്‍കിയെങ്കിലും മാതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനാ ഫീസായ 25200 രൂപയാണ് വലിയ കടമ്പയായത്.

കൂട്ടുകാരുടെ സഹായത്തോടെ 15000 രൂപയോളം സമാഹരിച്ചെങ്കിലും ബാക്കി തുക കണ്ടെത്താന്‍ കഴിയാതെ അമ്മ തളര്‍ന്നുപോയി. ഒരേ ദിവസം ഒന്നിലധികം കുട്ടികള്‍ അമ്മത്തൊട്ടിലില്‍ എത്തിയതിനാല്‍ ശാസ്ത്രീയ തെളിവ് നിര്‍ബന്ധമായിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടന്ന ഡിഎന്‍എ പരിശോധനയുടെ ഫലം വരുന്നതോടെ നിയമപരമായ മുഴുവന്‍ തടസങ്ങളും നീങ്ങി ആരവ് വീണ്ടും പെറ്റമ്മയുടെ മാറിലെ ചൂടിലേക്ക് മടങ്ങിയെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.