സഹകരണ മേഖലയില്‍ ചിറക് വിടര്‍ത്താന്‍ കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി കോഎയര്‍; രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും

സഹകരണ മേഖലയില്‍ ചിറക് വിടര്‍ത്താന്‍ കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി കോഎയര്‍; രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും

കോഴിക്കോട്: സഹകരണ മേഖലയുടെ കരുത്തില്‍ കേരളത്തിന് സ്വന്തമായി പുതിയൊരു വിമാനക്കമ്പനി യാഥാര്‍ത്ഥ്യമാകുന്നു. കേരള സിവില്‍ ഏവിയേഷന്‍ ഡിവലപ്‌മെന്റ് സഹകരണ സംഘം ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഈ വെള്ളിയാഴ്ചയോടെ തുടക്കമാകും. വരും വര്‍ഷം ഏപ്രിലോടെ ആദ്യ ഘട്ട സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്റെ നേതൃത്വത്തിലാണ് പുതിയ സംരംഭത്തിന്റെ ഏകോപനം പുരോഗമിക്കുന്നത്. കോഎയര്‍ എന്ന പേരില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താനാണ് പ്രാഥമികമായി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി മുന്‍പ് തയാറാക്കിയ രൂപരേഖ സര്‍ക്കാരിന്റെയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

സഹകരണ സംഘത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ഇതിന്റെ മേല്‍നോട്ടത്തില്‍ പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിക്കുന്നതിനായുള്ള ഔദ്യോഗിക അപേക്ഷ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുക. സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി കമ്പനിയുടെ 55 ശതമാനം ഓഹരികള്‍ സഹകരണ സംഘങ്ങളില്‍ നിന്നും ശേഷിക്കുന്ന ഓഹരികള്‍ പൊതുജനങ്ങളില്‍ നിന്നുമാണ് സമാഹരിക്കാന്‍ ഉദേശിക്കുന്നത്. സംസ്ഥാനത്തെ 200 സഹകരണ സംഘങ്ങളില്‍ നിന്ന് രണ്ട് കോടി രൂപ വീതം ഓഹരി മൂലധനമായി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ വിമാനങ്ങള്‍ പാട്ടത്തിനെടുത്തായിരിക്കും സര്‍വീസുകള്‍ നടത്തുക.

കേരളത്തിലെ പ്രധാന വിമാനത്താവളങ്ങള്‍ക്ക് പുറമെ ബംഗളൂരു, കോയമ്പത്തൂര്‍, മംഗളൂരു, ചെന്നൈ, മധുര തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. യാത്രാ സര്‍വീസുകള്‍ക്ക് പുറമെ ചെറിയ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, എയര്‍ ആംബുലന്‍സുകള്‍ എന്നിവയും പാട്ടത്തിനെടുക്കാന്‍ സംഘം ഉദ്ദേശിക്കുന്നു.

അടിയന്തര സാഹചര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസ്, അഗ്‌നിരക്ഷാ സേന, ആരോഗ്യ വകുപ്പ് തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുത്താനാകും. ഇതിനുപുറമെ വ്യോമയാന മേഖലയിലെ തൊഴില്‍ സാധ്യതകള്‍ ലക്ഷ്യമിട്ട് കമ്പനിയുടെ കീഴില്‍ പ്രത്യേക ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാനും നീക്കമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.