ഫൊക്കാന കണ്‍വെന്‍ഷന്‍ 2026: കലയും സംഗീതവും നിറയുന്ന മാമാങ്കത്തിന് നാദിര്‍ഷയും; കാത്തിരിപ്പില്‍ പ്രവാസി സമൂഹം

ഫൊക്കാന കണ്‍വെന്‍ഷന്‍ 2026: കലയും സംഗീതവും നിറയുന്ന മാമാങ്കത്തിന് നാദിര്‍ഷയും; കാത്തിരിപ്പില്‍ പ്രവാസി സമൂഹം

പെന്‍സില്‍വാനിയ: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഫൊക്കാനയുടെ 2026 ലെ അന്തര്‍ദേശീയ കണ്‍വെന്‍ഷന് ആവേശം പകരാന്‍ പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും ഗായകനുമായ നാദിര്‍ഷ എത്തും. ഓഗസ്റ്റ് ആറ് മുതല്‍ എട്ട് വരെ പെന്‍സില്‍വാനിയയിലെ പ്രശസ്തമായ കല്‍ഹാരി റിസോര്‍ട്ടില്‍ വെച്ചാണ് ഈ പ്രവാസി സംഗമം അരങ്ങേറുന്നത്. ഹാസ്യവും സംഗീതവും സമന്വയിപ്പിച്ചുള്ള നാദിര്‍ഷയുടെ സാന്നിധ്യം ഇത്തവണത്തെ കലാപരിപാടികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി വ്യക്തമാക്കി.

പ്രസിഡന്റ് സജിമോന്‍ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയ് ചാക്കപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. കേവലം ഒരു സംഘടനാ സമ്മേളനം എന്നതിലുപരി, കുടുംബങ്ങള്‍ക്കായി ലോകോത്തര സൗകര്യങ്ങളോടെ ഒരുക്കുന്ന അപൂര്‍വ മഹാസംഗമമായാണ് കണ്‍വെന്‍ഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. നാദിര്‍ഷയ്ക്ക് പുറമെ പ്രിയ നടി നവ്യ നായര്‍, പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി സാംസ്‌കാരിക-സിനിമാ രംഗത്തെ പ്രമുഖരായ നിരവധി വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ആയിരത്തിലധികം കലാകാരികള്‍ അണിനിരക്കുന്ന മോഹിനിയാട്ടവും 500 ല്‍ അധികം വാദ്യകലാകാരന്മാര്‍ പങ്കാളികളാകുന്ന ചെണ്ടമേളവുമാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ഫ്യൂഷന്‍ ഷോ, 101 കലാകാരന്മാരുടെ ഉദ്ഘാടന നൃത്താവിഷ്‌കാരം, നോര്‍ത്ത് അമേരിക്കയിലെ പ്രതിഭകള്‍ക്കായി അമേരിക്ക ഗോട്ട് ടാലന്റ്, കൂടാതെ ഗംഭീരമായ സിനി അവാര്‍ഡ് നൈറ്റ് എന്നിവയും കണ്‍വെന്‍ഷന് മാറ്റുകൂട്ടും.

സാഹിത്യ, ബിസിനസ്, മീഡിയ സെമിനാറുകള്‍ക്ക് പുറമെ യുവജന-വനിതാ ഫോറങ്ങളും ഇതോടൊപ്പം നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.