ബെയ്‌റൂട്ട്: പ്രതിസന്ധികളും സംഘര്‍ഷങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലും പ്രത്യാശയുടെയും അചഞ്ചലമായ വിശ്വാസത്തിന്റെയും പുതിയൊരു ചരിത്രം കുറിക്കുകയാണ് ലബനന്‍. വടക്കന്‍ ലബനോനിലെ ദൈര്‍ എല്‍ അഹ്‌മര്‍ മലനിരകളില്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തിനിൽക്കുന്ന 'റോസെയര്‍ ഡു ലിബാന്‍' ലോകത്തിലെ ഏറ്റവും വലിയ ജപമാലയായി വിലയിരുത്തപ്പെടുന്നു.
600 മീറ്ററിലധികം അഥവാ ഏകദേശം 2,000 അടി നീളത്തിലാണ് ഈ ജപമാല മലനിരകളിലൂടെ നിര്‍മിച്ചിരിക്കുന്നത്. ഒരു ചെറിയ വാഹനത്തിന്റെ വലിപ്പമുള്ള അതായത് ഏകദേശം 4.9 മീറ്റര്‍ നീളവും 3.5 മീറ്റര്‍ വീതിയും വരുന്ന 59 മണികളാണ് ഈ ജപമാലയില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. 'നന്മനിറഞ്ഞ മറിയമേ' പ്രാര്‍ത്ഥന ചൊല്ലേണ്ട ജപമണികള്‍ വിശുദ്ധരുടെ പേരിലുള്ള ചെറിയ ചാപ്പലുകളായും 'സ്വര്‍ഗസ്ഥനായ പിതാവേ' പ്രാര്‍ത്ഥനയുടെ മണികള്‍ കുമ്പസാരകേന്ദ്രങ്ങളായും രൂപകല്‍പ്പന ചെയ്തിരിക്കുന്നു എന്നത് ഇതിന്റെ പ്രധാന പ്രത്യേകതയാണ്.
വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാപൂര്‍വം നടന്നു നീങ്ങി ധ്യാനിക്കാന്‍ തക്കവിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ അവസാന ഭാഗത്തായി ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ കുരിശ് ലബനനിലെ ക്രിസ്തീയ സമൂഹത്തിന്റെ അതിജീവനത്തിന്റെയും പ്രത്യാശയുടെയും പ്രതീകം കൂടിയാണ്. ലബനീസ് മാറോനൈറ്റ് സഭയുടെ നേതൃത്വത്തിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്കായി ഈ വിസ്മയകരമായ പ്രാര്‍ത്ഥനാകേന്ദ്രം ഒരുങ്ങുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.