ന്യൂയോര്‍ക്ക്: ഇന്ത്യ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) ഭേദഗതി ബില്‍ 2026 പുതിയ വിവാദങ്ങള്‍ക്ക് വഴിതുറക്കുന്നു. നിര്‍ദ്ദിഷ്ട ഭേദഗതികള്‍ സഭകളുടെയും ക്രൈസ്തവ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെയും നിയന്ത്രണം കൈക്കലാക്കാന്‍ സര്‍ക്കാരിന് വിപുലമായ അധികാരം നല്‍കുന്നതാണെന്നും ഇത് ക്രിസ്ത്യാനികള്‍ക്കെതിരായ നേരിട്ടുള്ള ആക്രമണമാണെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ റൈലി മൂര്‍ ആരോപിച്ചു.
എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ച അദേഹം, സെന്റ് തോമസ് അപ്പസ്‌തോലന്റെ കാലം മുതലുള്ള ഇന്ത്യയുടെ ദീര്‍ഘമായ ക്രൈസ്തവ പാരമ്പര്യത്തെ ഓമിപ്പിക്കുകയും ബില്ലുമായി മുന്നോട്ട് പോയാല്‍ അത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വിദേശ സഹായവും സംഭാവനകളും സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരമായ ബോഡികള്‍ എന്നിവയെ നിയന്ത്രിക്കുന്ന 2010 ലെ എഫ്.സി.ആര്‍.എ നിയമത്തിലാണ് കേന്ദ്രം പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്.
നിര്‍ദിഷ്ട ബില്ലിലെ ഏറ്റവും തര്‍ക്കവിഷയമായ ഘടകം കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഡെസിഗ്‌നേറ്റഡ് അതോറിറ്റിയുടെ രൂപീകരണമാണ്. രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുകയോ, ഉപേക്ഷിക്കപ്പെടുകയോ, പുതുക്കി ലഭിക്കാതിരിക്കുകയോ ചെയ്യുന്ന സംഘടനകളുടെ വിദേശഫണ്ടും ആ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്ഥാപനങ്ങളും സ്വത്തുക്കളും ഏറ്റെടുക്കാന്‍ ഈ അതോറിറ്റിക്ക് വിപുലമായ അധികാരം ലഭിക്കും. ഇതുകൂടാതെ തൊട്ടുമുന്‍പത്തെ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിദേശഫണ്ട് സ്വീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കില്ലെന്ന ഉപാധിയും ഫണ്ട് മറ്റ് സംഘടനകള്‍ക്ക് കൈമാറുന്നതിലെ കര്‍ശന നിയന്ത്രണങ്ങളും ബില്ലിലുണ്ട്.
അതോറിറ്റിയുടെ വിപുലമായ അധികാരങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും സിവില്‍ സൊസൈറ്റികളും ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. രജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ടാല്‍ പതിറ്റാണ്ടുകളായി വിദേശ സംഭാവനകള്‍ വഴി പടുത്തുയര്‍ത്തിയ സ്‌കൂളുകളും ആശുപത്രികളും ജീവകാരുണ്യ കേന്ദ്രങ്ങളും സര്‍ക്കാരിന്റെ കൈകളിലെത്തുമെന്ന ഭീതി സഭകള്‍ക്കും ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്നുണ്ട്. വിദേശ സഹായത്തോടെ വിപുലമായ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഈ ഭേദഗതി വലിയ ആഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ വിദേശ ഫണ്ട് വിനിയോഗത്തില്‍ സുതാര്യത ഉറപ്പാക്കാനും സാമ്പത്തിക തിരിമറികള്‍ തടയാനുമാണ് നിയമഭേദഗതി കൊണ്ട് ഉദേശിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം രാജ്യത്ത് നിലവില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്ന സംഘടനകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്.
2026 ജൂലൈ 15 ലെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 14449 സജീവ എഫ്.സി.ആര്‍.എ രജിസ്‌ട്രേഷനുകള്‍ മാത്രമാണുള്ളത്. 22498 രജിസ്‌ട്രേഷനുകള്‍ റദ്ദാക്കപ്പെടുകയും 15212 എണ്ണത്തിന്റെ കാലാവധി കഴിയുകയും ചെയ്തിട്ടുണ്ട്. 2019 നും 2022 നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ 55741 കോടി രൂപയുടെ വിദേശ ഫണ്ട് കൈപ്പറ്റിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 25 വരെ 22000 കോടിയോളം രൂപ 16000 ത്തോളം സംഘടനകളിലേക്ക് എത്തിയെങ്കിലും ജൂണോടെ സജീവ സംഘടനകളുടെ എണ്ണം 14000 ല്‍ താഴെയായി കുറഞ്ഞിരുന്നു.
2020 ലെ ഭേദഗതിക്ക് ശേഷം നിയമങ്ങള്‍ കടുപ്പിച്ചതാണ് ഇതിന് വഴിവെച്ചത്. ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ്, ഭാരവാഹികളുടെ സത്യവാങ്മൂലം, സോഷ്യല്‍ മീഡിയ വിവരങ്ങള്‍ എന്നിവ അടക്കം സമര്‍പ്പിക്കേണ്ട വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പണത്തില്‍ വീഴ്ച വരുത്തിയാല്‍ സി.ബി.ഐ കേസെടുക്കുന്ന തരത്തില്‍ കര്‍ശനമായ വ്യവസ്ഥകള്‍ നിലനില്‍ക്കെ, പുതിയ മാറ്റങ്ങള്‍ സന്നദ്ധ മേഖലയിലെ ദുരിതാശ്വാസ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ശക്തമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.