ഫുഞ്ചാല്‍: പോര്‍ച്ചുഗീസ് ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിവാഹമാണെന്ന തെറ്റിദ്ധാരണയില്‍ നൂറുകണക്കിന് ആളുകളും മാധ്യമ പ്രവര്‍ത്തകരും ദേവാലയത്തിന് മുന്നില്‍ തടിച്ചു കൂടിയത് മൂലം സാധാരണക്കാരായ വധൂവരന്മാരുടെ വിവാഹ ചടങ്ങുകള്‍ മണിക്കൂറുകളോളം തടസപ്പെട്ടു.
പോര്‍ച്ചുഗലിലെ മദീറ ദ്വീപിലുള്ള പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ച ചരിത്ര പ്രസിദ്ധമായ ഫുഞ്ചാല്‍ കത്തീഡ്രലില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും തമ്മിലുള്ള വിവാഹം അന്ന് അവിടെ വെച്ച് നടക്കുമെന്ന വാര്‍ത്തകള്‍ പ്രാദേശിക മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഇതോടെ വിനോദസഞ്ചാരികളും ആരാധകരും അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരും പള്ളി പരിസരത്തേക്ക് ഒഴുകിയെത്തുകയായിരുന്നു.
എന്നാല്‍ മദീറ സ്വദേശികളായ ഫാബിയോ റാമോസ്, നിക്കോള്‍ എന്നിവരുടെ വിവാഹമായിരുന്നു അന്ന് പള്ളിയില്‍ നിശ്ചയിച്ചിരുന്നത്. പള്ളിക്ക് ചുറ്റും തടിച്ചുകൂടിയ വന്‍ ജനക്കൂട്ടം കാരണം കല്ല്യാണ വസ്ത്രമണിഞ്ഞ നിക്കോളിനും ബന്ധുക്കള്‍ക്കും ഉള്ളിലേക്ക് പ്രവേശിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം ആള്‍ക്കൂട്ടം കാരണം താറുമാറായതായി ദമ്പതികള്‍ പിന്നീട് പറഞ്ഞു.
ചരിത്രത്തിലൊരിക്കലും കത്തീഡ്രല്‍ പരിസരത്ത് ഇത്തരമൊരു ജനത്തിരക്ക് കണ്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വാര്‍ത്ത പുറത്തു വന്നതോടെ ഫുഞ്ചാല്‍ കത്തീഡ്രല്‍ മാനേജ്മെന്റ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രതികരണവുമായി രംഗത്തെത്തി. തടിച്ചുകൂടിയ ആള്‍ക്കൂട്ടവും മാധ്യമ പ്രവര്‍ത്തകരും കാരണം വധുവിന് പള്ളിയിലേക്ക് കയറാന്‍ കടുത്ത പ്രയാസം നേരിട്ടതായി അധികൃതര്‍ വ്യക്തമാക്കി. പിന്നീട് കവാടങ്ങള്‍ അടച്ചാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ നേരിട്ട് പ്രതികരണവുമായെത്തി. പ്രാദേശിക മാധ്യമമായ 'ജോര്‍നല്‍ ദ മദീറ' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വാര്‍ത്തയ്ക്ക് താഴെ ചിരിക്കുന്ന ഇമോജികളിട്ടാണ് പോര്‍ച്ചുഗീസ് നായകന്‍ പ്രതികരിച്ചത്. പ്രചരിച്ച വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ പ്രതികരണം.
റൊണാള്‍ഡോയുടെ വിവാഹം ഉടന്‍ നടക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ താരത്തിന്റെ സഹോദരിമാര്‍ നേരത്തെ തന്നെ നിഷേധിച്ചിരുന്നു. വര്‍ഷങ്ങളായി ഒന്നിച്ച് ജീവിക്കുന്ന റൊണാള്‍ഡോയ്ക്കും ജോര്‍ജിനയ്ക്കും കുട്ടികളുണ്ടെങ്കിലും ഇരുവരും ഔദ്യോഗികമായി വിവാഹിതരായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.