താലിബാന്‍ അധികാരത്തിലെത്തി അഞ്ചു വര്‍ഷം തികയുമ്പോള്‍ അഫ്ഗാനില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 24 ലക്ഷം പെണ്‍കുട്ടികള്‍ക്ക്

താലിബാന്‍ അധികാരത്തിലെത്തി അഞ്ചു വര്‍ഷം തികയുമ്പോള്‍ അഫ്ഗാനില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 24 ലക്ഷം പെണ്‍കുട്ടികള്‍ക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 24 ലക്ഷത്തോളം പെണ്‍കുട്ടികള്‍ക്കെന്ന് യുനെസ്‌കോയുടെ റിപ്പോര്‍ട്ട്.

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനെ ഔദ്യോഗികമായി വിലക്കിയിട്ടുള്ള ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്ഥാനെന്നും യുനെസ്‌കോ ചൂണ്ടിക്കാണിക്കുന്നു.

രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധത്തിന് പിന്നാലെ അമേരിക്കയും നാറ്റോയുടെ സുരക്ഷാ സേനയും സമ്പൂര്‍ണമായി പിന്‍വാങ്ങിയതോടെ 2021 ഓഗസ്റ്റ് പതിനഞ്ചിനാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നത്.

ഇതോടെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്ക് മേല്‍ വലിയ നിയന്ത്രണങ്ങളാണ് ഭരണകൂടം കൊണ്ടു വന്നത്. പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം വിലക്കപ്പെട്ടു. പിന്നാലെ ഉന്നത വിദ്യാഭ്യാസവും അവര്‍ക്ക് അന്യമായി. മാത്രമല്ല, തൊഴില്‍ മേഖലയില്‍ നിന്നും പൊതുജീവിതത്തില്‍ നിന്നു തന്നെയും സ്ത്രീകള്‍ക്ക് ഏറെക്കുറേ പരിപൂര്‍ണമായും പിന്‍വാങ്ങേണ്ടി വന്നു.

തുടര്‍ച്ചയായ നിയന്ത്രണങ്ങള്‍ അഫ്ഗാന്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് വിലയിരുത്തിയ യുനെസ്‌കോ, ഉപാധി രഹിതമായി സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കാന്‍ താലിബാന്‍ അധികൃതരോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.