തിരുവനന്തപുരം: മരണപ്പെട്ട കണ്ണൂര്‍ മുന്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് സര്‍ക്കാര്‍ ജോലി. ഇതു സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശന്‍ കൈമാറി. ഭക്ഷ്യ സുരക്ഷാ ഓഫീസറായുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് നിരഞ്ജന കൈപ്പറ്റിയത്.
നവീന്‍ ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷ, ആരോഗ്യമന്ത്രി കെ. മുരളീധരന്‍, പഴകുളം മധു എംഎല്‍എ എന്നിവരും സന്നിഹിതരായിരുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിരഞ്ജനയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ ആശ്രിത നിയമനം നല്‍കാന്‍ തീരുമാനിച്ചത്.
കണ്ണൂരില്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ 2024 ല്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ. ക്ഷണിക്കാതെയാണ് ദിവ്യ ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിനുശേഷം കിട്ടിയ ഉപഹാരങ്ങള്‍ പോലും എടുക്കാതെയാണ് നവീന്‍ ബാബു അന്ന് കളക്ടറേറ്റ് വിട്ടിറങ്ങിയത്.
നാട്ടിലേക്ക് പോകുന്നതിനായി മലബാര്‍ എക്‌സ്പ്രസിന് ടിക്കറ്റ് എടുത്തിരുന്നെങ്കിലും നവീന്‍ ബാബു നാട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ ചെങ്ങന്നൂര്‍ എത്തുമെന്നാണ് നവീന്‍ ബാബു ബന്ധുക്കളെ അറിയിച്ചിരുന്നത്.
പള്ളിക്കുന്നിലെ താമസസ്ഥലത്ത് അദ്ദേഹത്തിന്റെ ഡ്രൈവര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.