'മോഡിയുടേത് കെട്ടിപ്പിടുത്ത വിദേശ നയം'; പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികളെന്ന് രാഹുല്‍ ഗാന്ധി

'മോഡിയുടേത് കെട്ടിപ്പിടുത്ത വിദേശ നയം'; പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികളെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക നേതാക്കളെ കെട്ടിപ്പിടിക്കുന്നത് കൊണ്ട് മാത്രം ഒരു രാജ്യത്തിന്റെ വിദേശനയം ശരിയാകില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹസാസം. ഡല്‍ഹിയിലെ മാവലങ്കാര്‍ ഹാളില്‍ സംഘടിപ്പിച്ച രചനാത്മക് കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ കടന്നാക്രമിച്ചത്.

വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതാണ് നയതന്ത്രമെന്ന ചിന്ത പ്രധാനമന്ത്രിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് തനിക്കറിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സംസാരിക്കുന്നതിനിടെ വേദിയിലുണ്ടായിരുന്ന ഒരാളെ കെട്ടിപ്പിടിച്ച് മോഡിയുടെ ശൈലിയെ രാഹുല്‍ അനുകരിക്കുകയും ചെയ്തു. ആഗോളതലത്തില്‍ ഇന്ത്യയുടെ കൃത്യമായ നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നും ജനങ്ങള്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയതോടെ പ്രധാനമന്ത്രിക്ക് ഇപ്പോള്‍ രാത്രികളില്‍ ഉറക്കമില്ലാത്ത അവസ്ഥയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസാന്നിധ്യത്തെയും രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. ബിജെപി നേതാക്കള്‍ ചാണക്യനെന്നും സര്‍ദാര്‍ പട്ടേലെന്നും വിശേഷിപ്പിക്കുന്ന അമിത് ഷാ കഴിഞ്ഞ 20 ദിവസത്തോളമായി പാര്‍ലമെന്റില്‍ എത്തുന്നില്ലെന്നും അദേഹം എവിടെ പോയി മറഞ്ഞിരിക്കുകയാണെന്നും രാഹുല്‍ ചോദിച്ചു. രാജ്യം സ്വന്തം നിലപാടുകള്‍ ഉറക്കെ പറഞ്ഞ് തുടങ്ങിയതോടെ ജനങ്ങളുടെ മേല്‍ സ്വന്തം ഭരണം അടിച്ചേല്‍പ്പിക്കാന്‍ ബിജെപിക്ക് കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

അതേസമയം പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ഏത് വിഷയത്തിലും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമിത് ഷായുടെ ക്ലാസ് കേള്‍ക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് ഇതിനോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ ആരാണ് ഉത്തരവിട്ടതെന്ന് അറിയുകയാണ് വേണ്ടതെന്നും അതിന് ഉത്തരവാദി അമിത് ഷയാണെങ്കില്‍ അദേഹം രാജിവെക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ ആഭ്യന്തരമന്ത്രി സഭയിലെത്തി മറുപടി നല്‍കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.