ഫൈസലാബാദ്: പാകിസ്ഥാനിൽ ക്രൈസ്തവർ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നതിനിടയിൽ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ട ഏക ക്രൈസ്തവ മന്ത്രി ഷഹ്ബാസ് ഭട്ടിയുടെ സ്മരണയിൽ രാജ്യത്ത് 'ദേശീയ ന്യൂനപക്ഷ ദിനം' ആചരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ക്രിസ്ത്യാനികളാണ് ഓഗസ്റ്റ് 11 ന് പ്രധാന നഗരങ്ങളിൽ അണിനിരന്ന് പ്രതിഷേധ റാലികൾ സംഘടിപ്പിച്ചത്. ഭരണഘടനാപരമായ തുല്യത ഉറപ്പാക്കണമെന്നും കേവലം ചടങ്ങുകളിൽ ഒതുങ്ങാതെ വർഷങ്ങളായി നിലനിൽക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും റാലികളിൽ ആവശ്യമുയർന്നു.
പാകിസ്ഥാനിൽ ഭരണഘടനാപരമായ അവകാശങ്ങൾ ഉണ്ടെങ്കിലും ക്രിസ്ത്യാനികളും ഹിന്ദുക്കളും അഹ്മദികളുമടക്കമുള്ള മതന്യൂനപക്ഷങ്ങൾ വലിയ തോതിലുള്ള വിവേചനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ആരാധനാലയങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ, നിർബന്ധിത മതപരിവർത്തനം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം, കരിനിയമമായ മതനിന്ദാ നിയമങ്ങളുടെ ദുരുപയോഗം എന്നിവ രാജ്യത്ത് അനുദിനം വർദ്ധിച്ചുവരികയാണെന്ന് ന്യൂനപക്ഷ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
ഔദ്യോഗിക ജോലികളിൽ അഞ്ച് ശതമാനം തൊഴിൽ സംവരണം ഏർപ്പെടുത്തിയതും, സെനറ്റിൽ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് നാല് സംവരണ സീറ്റുകൾ ഉറപ്പാക്കിയതും പരേതനായ ഷഹ്ബാസ് ഭട്ടിയുടെ നിർണായക ഇടപെടലുകളുടെ ഫലമായാണ്.
അടിയുറച്ച കത്തോലിക്കാ വിശ്വാസിയായിരുന്ന ഷഹ്ബാസ് ഭട്ടി, പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സന്ധിയില്ലാത്ത പോരാളിയായിരുന്നു. നിരന്തരമായ വധഭീഷണികൾ ഉണ്ടായിട്ടും തന്റെ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകുവാൻ അദേഹം തയ്യാറായിരുന്നില്ല.
താൻ യേശുക്രിസ്തുവിലാണ് വിശ്വസിക്കുന്നതെന്നും ക്രൈസ്തവർക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കാൻ താൻ തയ്യാറാണെന്നും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. മതനിന്ദ ആരോപിക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആസിയ ബീബിക്കു വേണ്ടി ശക്തമായി ശബ്ദമുയർത്തിയതും, ശരിയത്ത് നിയമങ്ങളുടെ കർശന നടപ്പിലാക്കലിനെതിരെ പ്രതികരിച്ചതുമാണ് അദേഹത്തെ ഇസ്ലാമിക തീവ്രവാദികളുടെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്.
ന്യൂനപക്ഷ വകുപ്പ് മന്ത്രിയായി അധികാരമേറ്റതിന്റെ മൂന്നാം വർഷം 2011 മാർച്ച് രണ്ടിനാണ് 'തെഹരീക്-ഇ-താലിബാൻ' എന്ന തീവ്രവാദ സംഘടന ഷഹ്ബാസ് ഭട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. അദ്ദേഹം വിടപറഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും അന്ന് അദേഹം മുന്നോട്ടുവെച്ച അവകാശപോരാട്ടങ്ങളും പരിഷ്കാരങ്ങളും പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ ഷഹ്ബാസ് ഭട്ടി പരിഹരിക്കാൻ പരിശ്രമിച്ച പല വെല്ലുവിളികളും ഇന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മേൽ ഇരുളടഞ്ഞുനിൽക്കുകയാണെന്ന് അവർ വേദനയോടെ ഓർമ്മിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.