ബീജിങ്: ഒരു കാലത്ത് ഗൂഗിള്‍ ചൈന വിട്ടപ്പോള്‍ അതിനെ വിമര്‍ശിച്ച മൈക്രോസോഫ്റ്റ്, ഇന്ന് അതേ ചൈനീസ് വിപണിയില്‍ നിന്ന് നിശബ്ദമായി പിന്‍വാങ്ങലിന്റെ വക്കില്‍. ശക്തമായ ഭൗമരാഷ്ട്രീയ തര്‍ക്കങ്ങളും തദ്ദേശീയ സോഫ്റ്റ്‌വെയറുകളുടെ കടന്നുവരവും കാരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 15 ബ്രാഞ്ച് ഓഫീസുകളാണ് കമ്പനിക്ക് ചൈനയില്‍ പൂട്ടേണ്ടി വന്നത്. മൈക്രോസോഫ്റ്റിന്റെ ആഗോള വരുമാനത്തിന്റെ വെറും 1.5 ശതമാനം മാത്രമാണ് ചൈനയില്‍ നിന്ന് ലഭിക്കുന്നത് എന്നതിനാല്‍, കടുകട്ടി നിയന്ത്രണങ്ങള്‍ നേരിട്ട് അവിടെ തുടരുന്നത് വന്‍ നഷ്ടമാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
യു.എസ്-ചൈന നയതന്ത്ര ബന്ധത്തിലെ വിള്ളലുകളാണ് കമ്പനിക്ക് തിരിച്ചടിയായത്. വിന്‍ഡോസിനും ഓഫീസിനും പകരം തദ്ദേശീയ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കാന്‍ ചൈനീസ് ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയതോടെ മൈക്രോസോഫ്റ്റ് ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഒറ്റപ്പെട്ടു. ഒപ്പം സാങ്കേതികവിദ്യാ കയറ്റുമതിയില്‍ യു.എസ് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ കാരണം ചൈനയിലെ മികച്ച എഞ്ചിനീയര്‍മാരെ ഉപയോഗിച്ച് മുന്‍നിര എഐ, ക്ലൗഡ് ഗവേഷണങ്ങള്‍ നടത്താനും കമ്പനിക്ക് സാധിക്കുന്നില്ല. ഇതിനെത്തുടര്‍ന്ന് തങ്ങളുടെ ഗവേഷണ കേന്ദ്രങ്ങള്‍ സിംഗപ്പൂര്‍, ടോക്യോ, വാങ്കൂവര്‍ എന്നിവിടങ്ങളിലേക്ക് മാറ്റാനും ചൈനീസ് വിദഗ്ധരെ വിദേശത്തേക്ക് റീലൊക്കേറ്റ് ചെയ്യാനും കമ്പനി നിര്‍ബന്ധിതരായി.
ബിസിനസ് വന്‍ പ്രതിസന്ധിയിലാണെങ്കിലും ബൈറ്റ്ഡാന്‍സ്, ഷീന്‍ തുടങ്ങിയ പ്രമുഖ ചൈനീസ് കമ്പനികള്‍ അന്താരാഷ്ട്ര സേവനങ്ങള്‍ക്കായി ഇപ്പോഴും മൈക്രോസോഫ്റ്റിന്റെ അഷൂര്‍ ക്ലൗഡിനെയാണ് ആശ്രയിക്കുന്നത്. ചൈനീസ് കമ്പനികള്‍ക്ക് ഓപ്പണ്‍ എഐ മോഡലുകളിലേക്ക് പ്രവേശനം നല്‍കുന്നതും അഷൂര്‍ വഴിയാണ്. എങ്കിലും കിമി പോലുള്ള ചൈനയുടെ സ്വന്തം എഐ മോഡലുകള്‍ കരുത്താര്‍ജ്ജിക്കുന്നതോടെ ഈ വരുമാനവും നിലയ്ക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
നിലവിലെ പ്രതിസന്ധികള്‍ക്കിടയിലും ചൈനീസ് നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തനം തുടരുമെന്നാണ് മൈക്രോസോഫ്റ്റ് വക്താവ് ഔദ്യോഗികമായി അറിയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.