വാഷിങ്ടണ്‍: കഴിഞ്ഞ മാസം തുര്‍ക്കിയിലെ അങ്കറയില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമാനം മാറിക്കയറി മടങ്ങിയത് അദ്ദേഹം താമസിച്ച ഹോട്ടലിന്റെ അടക്കമുള്ള വിവരങ്ങള്‍ ഇറാന്റെ ചാരന്മാര്‍ ചോര്‍ത്തിയതിനാലാണെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.
മാത്രമല്ല ട്രംപ് സഞ്ചരിക്കുന്ന വിമാനത്തിനു നേരെ തൊടുക്കാവുന്ന ഉപരിതല-വ്യോമ മിസൈല്‍ ഭീഷണി സംബന്ധിച്ച് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും രണ്ട് യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
നാറ്റോ ഉച്ചകോടിയുടെ വേദിക്കടുത്തായി ആയുധവുമായി ഒരാളെ കണ്ടിരുന്നുവെന്നും ട്രംപ് താമസിച്ച ഹോട്ടലിലെ ഏത് നിലയിലാണ് അദ്ദേഹമുള്ളതെന്ന് ഇറാന്‍ ഏജന്റുമാര്‍ക്ക് അറിയാമായിരുന്നുവെന്നും യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ മുന്നറിയിപ്പുകളെ തുടര്‍ന്നാണ് ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിനു പകരം മറ്റൊരു സൈനിക വിമാനത്തില്‍ ട്രംപ് യാത്ര ചെയ്തത്.
തുര്‍ക്കിയിലെ അങ്കറയില്‍ നാറ്റോ ഉച്ചകോടിക്കു ശേഷം ട്രംപ് ബ്രിട്ടനിലേക്കാണ് പോയത്. യാത്ര എയര്‍ഫോഴ്‌സ് വണിലാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ച ശേഷം ആര്‍ക്കും സംശയം തോന്നാത്ത ചെറിയൊരു സൈനിക വിമാനത്തിലായിരുന്നു അദ്ദേഹം മടങ്ങിയത്.
അങ്കറയില്‍ ചാനല്‍ ക്യാമറകളോടു കൈ വീശിക്കാണിച്ച് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറിയ ട്രംപ് മിനിറ്റുകള്‍ക്കകം രഹസ്യമായി മറ്റൊരു വാതില്‍ വഴി പുറത്തിറങ്ങി. അവിടെ, വിമാന വാതിലിന്റെ അതേ പൊക്കത്തിലേക്ക് ഉയര്‍ത്തിയ നിലയില്‍ കാത്തുനിന്ന കേറ്ററിംഗ് ട്രക്കിലേക്കു കയറി.
ഭക്ഷണവും മറ്റുമായി റണ്‍വേയ്ക്കരികിലൂടെ നീങ്ങിയ ട്രക്കില്‍ യു.എസ് പ്രസിഡന്റുണ്ടെന്ന് ആരും സംശയിച്ചില്ല. അല്‍പമകലെയുള്ള സൈനിക വിമാനത്തിന്റെ (എയര്‍ഫോഴ്‌സ് സി32 എ) അടുത്തെത്തി ട്രക്ക് നിന്നതും ട്രംപ് ഇറങ്ങി അതിലേക്കു കയറി.
ട്രംപ് അകത്തിരിപ്പുണ്ടെന്ന ധാരണയില്‍ എയര്‍ഫോഴ്‌സ് വണ്‍ വിമാനം പറന്നുയര്‍പ്പോള്‍ മാധ്യമ സംഘമോ വൈറ്റ് ഹൗസ് ജീവനക്കാരോ സത്യം തിരിച്ചറിഞ്ഞിരുന്നില്ല. ടേക്ക് ഓഫ് നടക്കുകയാണ് വിന്‍ഡോ ഷേഡ് താഴ്ത്തണം എന്നു നിര്‍ദ്ദേശിച്ചതിനാല്‍ പുറത്തു നടന്നതൊന്നും ആരും കണ്ടില്ല. ബ്രിട്ടണിലെ മില്‍ഡല്‍ഹോളില്‍ ചെറു വിമാനത്തില്‍ ആദ്യമെത്തിയ ട്രംപ് തൊട്ടു പിന്നാലെ വന്ന എയര്‍ഫോഴ്‌സ് വണിലേക്ക് ആരും കാണാതെ മാറിക്കയറുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.