കുറവിലങ്ങാട്ടെ യൗനാൻ കുഴി ആദ്യ ദശകങ്ങളിലെ സന്യാസ ആശ്രമമോ ?

കുറവിലങ്ങാട്ടെ യൗനാൻ കുഴി ആദ്യ ദശകങ്ങളിലെ സന്യാസ ആശ്രമമോ ?

കൊച്ചി : നാലുമുതൽ പത്താം നൂറ്റാണ്ടുവരെ നിലവിലുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ക്രൈസ്തവ സന്യാസ ആശ്രമത്തിന്റെ (ദയറാ) പൗരാണിക തെളിവുകൾ കണ്ടെത്തിയതായി ഒരു സംഘം ഗവേഷകർ അവകാശപ്പെടുന്നു. പൗരസ്ത്യ സുറിയാനി (പേർഷ്യൻ) സഭയിൽ നിന്നും മലബാറിൽ എത്തിയ സന്യാസ ശ്രേഷ്ഠൻ  മാർ യൗനാൻ്റെ ദയറായാണ് കുറവിലങ്ങാട്ട് കണ്ടെത്തിയത്. ഈ പ്രദേശം അറിയപ്പെടുന്നത് യൗനാൻ കുഴി അഥവാ അവനാകുഴി എന്ന പേരിലാണ്. യൗനാൻ എന്ന സന്യാസി വസിച്ചിരുന്ന കുഴി (ഗുഹ) ഇവിടെ ഉണ്ടായിരുന്നു എന്നതിനാലാണ് ഈ പ്രദേശം ഇപ്രകാരം അറിയപ്പെട്ടിരുന്നത്.
മാർ യൗനാൻറെ കൂടെ കേരളക്കരയിൽ മാർ ദനഹാ ,മാർ ആവാ എന്നീ മെത്രാന്മാരും റമ്പാൻ വിളിച്ചിരുന്ന സന്യാസ ശ്രേഷ്ഠനും എത്തിയിരുന്നതായി നിരണം ഗ്രന്ഥാവരിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. മാർ ദനഹാ പന്തളത്തിനടുത്ത് കുടശ്ശനാടും മാർ ആവാ തേവലക്കരയിലും റമ്പാൻ ചെന്നിത്തലയിലും കബറടക്കപ്പെട്ടിരിക്കുന്നു.

കുറവിലങ്ങാട് സ്വദേശിയും പണ്ഡിറ്റ് നെഹ്റുവിൻ്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ. പി. ജെ. തോമസിന്റെ ലേഖനത്തിൽ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ് . എം സി റോഡിൽ നൂറ്റെട്ടാം  മയിൽ കല്ലിന് കിഴക്ക് അടുത്തുള്ള ഒരു കുന്നിൻ ചെരിവിൽ യവുനാകുഴി എന്നൊരു സ്ഥലമുണ്ട് . അവിടെ പണ്ട് പരദേശത്തു നിന്നും വന്ന സന്യാസികൾ താമസിച്ചിരുന്നതായും സ്ത്രീകൾക്ക് അതിനടുത്തു പോകുവാൻ അനുവാദം ഇല്ലായിരുന്നു എന്നും അവർ പാലും കായ് കനികളും ഭക്ഷിച്ചു കഴിഞ്ഞിരുന്നു എന്നുള്ള ഉള്ള ഐതിഹ്യം അദ്ദേഹം പങ്കു വച്ചു.

കേരള സഭാ ചരിത്രത്തിൽ അദ്വിതീയ സ്ഥാനം അലങ്കരിക്കുന്ന കുറവിലങ്ങാട് പള്ളിയോട് ചേർന്ന് പുരാതനമായ മല്പാനേറ്റ് (വൈദിക പരിശീലന കേന്ദ്രം) ഇപ്പോഴത്തെ ചെറിയ പള്ളിയുടെ സ്ഥാനത്ത് ഉണ്ടായിരുന്നു എന്ന് ചില പുരാതന രേഖകളിൽ പറയുന്നുണ്ട്. ഇവിടെ പരിശീലനം നടത്തിയിരുന്നത് ഇത്തരത്തിൽ പൗരസ്ത്യ സുറിയാനി സഭയിൽ നിന്നും വന്ന മെത്രാന്മാരും വൈദികരും ദയറാക്കാരുമായിരുന്നു എന്ന് കരുതുന്നു.
പുരാതനമായ നിരണം ഗ്രന്ഥവരിയിലും  പതിനെട്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യ സന്ദർശിച്ച് വിവരണം തയാറാക്കിയ പൗലീനോസ് പാതിരിയുടെ ഗ്രന്ഥത്തിലും ഇവിടെ ഉണ്ടായിരുന്ന സന്യാസ ഭവനത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. പൗരസ്ത്യ സുറിയാനി സഭയിൽ സുപ്രധാനമായ മൂന്നുനോമ്പ് തിരുനാൾ കുറവിലങ്ങാട് പള്ളിയിലാണ് ഇന്ന് കേരളത്തിൽ ഏറ്റവും ആഘോഷപൂർവ്വം നടത്തപ്പെടുന്നത്. ഇതിൻ്റെ പിന്നിലും ഈ പൗരസ്ത്യ സുറിയാനി ദയറാക്കാരുടെ സ്വാധീനം ഉണ്ടെന്ന സംശയവും ഡോ. പി. ജെ. തോമസ് തൻ്റെ ലേഖനത്തിൽ ഉന്നയിക്കുന്നു. അടുത്തിടെ ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് പ്രസിദ്ധീകരിച്ച  ഡോ . മാർട്ടിൻ തോമസ് ആന്റണിയുടെ  പഠനത്തിലും യൗനാൻകുഴിയെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്.
മാർത്തോമ്മാ നസ്രാണികളുടെ ചരിത്രമുറങ്ങുന്ന കുറവിലങ്ങാടിൽ യൗനാൻകുഴി ഉൾപ്പടെ ഉള്ള സ്ഥലങ്ങളിൽ ആർക്കിയോളജിക്കൽ ഗവേഷണങ്ങൾ നടത്തണം എന്ന വാദം പ്രബലപ്പെട്ടു വരുകയാണ്.അടുത്തയിടെ കണ്ടെത്തിയ മുനിയറകൾ , പുരാതന ഖബറിടങ്ങൾ എന്നിവയൊക്കെ ഈ വാദത്തിന് ശക്‌തിയേകുന്നു .

പട്ടണം - മതിലകം ഗവേഷണങ്ങൾ ആദിമ നൂറ്റാണ്ടിലെ വ്യാപാര ബന്ധങ്ങളെക്കുറിച്ചും  ഭാരതത്തിലെ ക്രൈസ്തവ സാന്നിധ്യത്തെക്കുറിച്ചും ശക്തമായ തെളിവുകൾ നല്കുന്നതുപോലെ കുറവിലങ്ങാട് കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങളും ലോക ശ്രദ്ധ ആകർഷിക്കുമെന്നത് ഉറപ്പാണ്.  ഇത്തരത്തിലുള്ള ഗവഷേണ ആവശ്യങ്ങളുമായി ആർക്കിയോളജി വകുപ്പിനെയും ക്രൈസ്തവ സഭകളെയും സമീപിക്കാനൊരുങ്ങുകയാണ് ഫെബിൻ ജോർജ് , അമൽ ജോസഫ് എന്നിവരടങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.